പട്‌ന: വ്യാപം നിയമന തട്ടിപ്പില്‍ ഉള്‍പ്പെട്ട രണ്ട് റിക്രൂട്ട്മെന്‍റ് ടെസ്റ്റിലെ നിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ (ഐ.എഫ്.എസ്) നിന്ന് വിരമിച്ച വിജയ് ബഹാദൂറിനെയാണ് ബിഹാറിലെ ജാസുഗുഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബഹാദൂറും ഭാര്യയും പുരിയില്‍ നിന്നും ഭോപാലിലേക്ക് പുരി^ജോധ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുരിയില്‍ 1978 ബാച്ച് ഐ.എഫ്.എസ് ഓഫീസര്‍മാരുടെ ഒത്തുചേരലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.
ഓടുന്ന ട്രെയിനില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ബഹാദൂര്‍ മരിച്ചതെന്നാണ് പ്രഥമദൃഷ്ട്യായുള്ള നിഗമനമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിലീപ് ബാഗ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ അന്വേഷണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തുറന്നുകിടന്നിരുന്ന കമ്പാര്‍ട്ട്‌മെന്‍റിലെ വാതില്‍ അടക്കാന്‍ പോയ ഭര്‍ത്താവ് പിന്നെ മടങ്ങി വന്നില്ല എന്നാണ് ബഹാദൂറിന്‍െറ ഭാര്യ നിതാ സിങ് പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പട്ടേല്‍ പറഞ്ഞു. ട്രെയിനില്‍ നിന്ന് വീണു മരിച്ചത് സാധാരണ സംഭവമായി കാണാന്‍ സാധിക്കി െല്ലന്ന് വ്യാപം കേസിലെ വിസില്‍ ബ്ളോവര്‍ അജയ് ദുബെ പറഞ്ഞു. മരണം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപം കേസില്‍ ആരോപണവിധേയയായ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദാമോറിനെ നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതും റെയില്‍വേ ട്രാക്കിലായിരുന്നു. മധ്യപ്രദേശിലെ വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ 2012 ജനുവരിയിലാണ് നമ്രതയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാപം അഴിമതി പുറത്തുവന്നതിനുശേഷം 40ല്‍ അധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
കേസ് സി.ബി.ഐക്ക് കൈമാറിയതിന് പിന്നാലെ ദുരൂഹമരണങ്ങള്‍ അവസാനിച്ചുവെന്ന് അടുത്ത് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വ്യാപം മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടും തെരഞ്ഞെടുപ്പ് സംബന്ധിച്ച ക്രമക്കേടും അന്വേഷിക്കുന്ന സി.ബി.ഐ, കേസിനെ തുടര്‍ന്നുണ്ടായ ദുരൂഹ മരണങ്ങളും അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന സാക്ഷികളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കൊലപാതകങ്ങളെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.