റെയില്‍നീര്‍ അഴിമതി: സി.ബി.ഐ റെയ്ഡില്‍ 20 കോടി പിടിച്ചെടുത്തു

ന്യൂഡല്‍ഹി: റെയില്‍വേയുടെ കുടിവെള്ളമായ റെയില്‍നീര്‍ വിതരണത്തില്‍ വന്‍ അഴിമതി. ഉത്തര റെയില്‍വേയിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥരുടെ വസതികളിലും ഏഴു സ്വകാര്യ സ്ഥാപനങ്ങളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ 20 കോടി രൂപ പിടിച്ചെടുത്തു. പ്രീമിയം ട്രെയിനുകളില്‍ നിര്‍ബന്ധമായും നല്‍കേണ്ട റെയില്‍നീരിന് പകരം മറ്റു കമ്പനികളുടെ കുടിവെള്ളം നല്‍കിയാണ് അഴിമതി നടത്തിയത്. ഉത്തര റെയില്‍വേ മുന്‍ ചീഫ് കമേഴ്സ്യല്‍ മാനേജര്‍മാരായ എം.എസ്. ചാലിയ, സന്ദീപ് സിലാസ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി സി.ബി.ഐ അറിയിച്ചു. സ്വകാര്യ കമ്പനികളായ ആര്‍.കെ അസോസിയേറ്റ്സ് പ്രൈ. ലിമിറ്റഡ്, സത്യം കാറ്ററേഴ്സ് പ്രൈ. ലിമിറ്റഡ്, അംബുജ് ഹോട്ടല്‍ ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, പി.കെ അസോസിയേറ്റ്സ് പ്രൈ. ലിമിറ്റഡ്, സണ്‍ഷൈന്‍ പ്രൈ. ലിമിറ്റഡ്, വൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്, ഫുഡ് വേള്‍ഡ് എന്നിവക്കെതിരെയും കേസെടുത്തു. സന്ദീപ് സിലാസ് ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ആര്‍.കെ അസോസിയേറ്റ്സ്, വൃന്ദാവന്‍ ഫുഡ് പ്രൊഡക്ട് എന്നിവയുടെ ഉടമയായ ശ്യാം ബിഹാരി അഗര്‍വാള്‍, മക്കളായ അഭിഷേക് അഗര്‍വാള്‍, രാഹുല്‍ അഗര്‍വാള്‍ എന്നിവരുടെ വസതിയില്‍നിന്നാണ് 20 കോടി രൂപ കണ്ടെടുത്തതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റെയില്‍നീരിന് പകരം വിലകുറഞ്ഞ കുടിവെള്ള ബോട്ടിലുകള്‍ വില്‍ക്കാന്‍ പ്രതികള്‍ സ്വകാര്യ കമ്പനികളുമായി ഗൂഢാലോചന നടത്തി നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.