പവാര്‍ രക്തം കുടിക്കുന്ന അട്ട- ‘സാമ്ന’

മുംബൈ: എന്‍.സി.പിയെയും ശരദ്പവാറിനെയും രക്തം ഊറ്റിക്കുടിക്കുന്ന അട്ടയോട് ഉപമിച്ച് ശിവസേന മുഖപത്രം ‘സാമ്ന’. മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേന ഭരണസഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ശിവസേനയും ബി.ജെ.പിയും അധികാരത്തിന്‍െറ മധുരം നുകരുന്ന ഉറുമ്പുകളാണെന്നും ശിവസേന അധികാരം വിടില്ളെന്നും ശരദ്പവാര്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളെ ചക്കരയില്‍ ഒട്ടിനില്‍ക്കുന്ന ഉറുമ്പിനോട് ഉപമിച്ചതിനുള്ള പ്രതികാരമായാണ് ശിവസേന പവാറിനെതിരെ തിരിഞ്ഞത്. തങ്ങളെ ഉറുമ്പിനോട് ഉപമിക്കുംമുമ്പ് പവാര്‍ സ്വയം വിലയിരുത്തേണ്ടിയിരുന്നെന്നും സംസ്ഥാനത്തിന്‍െറ മുഴുവന്‍ രക്തവും ഊറ്റിക്കുടിച്ചവരാണ് പവാറും പാര്‍ട്ടിയുമെന്നും ‘സാമ്ന’ എഴുതി. കോണ്‍ഗ്രസില്‍നിന്ന് നേരിട്ട അപമാനം സഹിച്ച് 15 വര്‍ഷം അധികാരത്തില്‍ എന്‍.സി.പി കടിച്ചുതൂങ്ങിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ശിവസേന പവാറിനോട് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്‍െറ പേരില്‍ ഇടഞ്ഞ പവാര്‍ പിന്നീട് പത്തുവര്‍ഷം അവര്‍ക്കൊപ്പമിരുന്ന് ‘ഇറ്റാലിയന്‍ പിസ്സ’ കഴിക്കുകയായിരുന്നുവെന്നും ശിവസേന കളിയാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.