ബീഫ് കഴിക്കാതിരുന്നാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കാം -ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്: ബീഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും. ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് ഖട്ടാര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പശു ഇന്ത്യയില്‍ ഭക്ഷണമല്ല. അത് വിശ്വാസത്തിന്‍െറ ഭാഗമാണ്. ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. ദാദ്രിയില്‍ കൊല്ലപ്പെട്ട വ്യക്തി പശുക്കളെ പറ്റി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തിയതാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമെന്നും ഖട്ടാര്‍ വ്യക്തമാക്കി.

മുസ് ലിംകള്‍ക്ക് ബീഫ് കഴിക്കാതെയും മുസ് ലിംകളായി ജീവിക്കാം. മുസ് ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ. ക്രിസ്ത്യാനികള്‍ ബീഫ് കഴിക്കണമെന്നും എവിടെയും എഴുതിവച്ചിട്ടില്ല. ബീഫ് കഴിക്കുന്നത് ഒരു വിഭാഗത്തിന്‍െറ വിശ്വാസം വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി പോലും ഇങ്ങനെ ചെയ്യാന്‍ പാടില്ല. മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തില്‍ ഒരു കാര്യവും ചെയ്യാന്‍ ഭരണഘടന നമുക്ക് അനുവാദം തരുന്നില്ല. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന് അതിരുണ്ട്. ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ ഉപദ്രവിക്കല െല്ലന്നും ഹരിയാന മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഖട്ടാറിന്‍െറ ഓഫീസ് രംഗത്തുവന്നു. ബീഫ് കഴിക്കുന്നത് ഒഴിവാക്കിയാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടി െല്ലന്ന് പ്രസ്താവനയില്‍ പറയുന്നു. ബീഫ് കഴിക്കാതിരുന്നാല്‍ മുസ് ലിംകളുടെ വിശ്വാസത്തിന് കോട്ടം തട്ടില്ല എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണുണ്ടായത്. പരസ്പരം ആദരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഓഫീസിന്‍െറ ചുതമലയുള്ള ജവഹര്‍ യാദവ് എ.എന്‍. ഐ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയാവുന്നത് വരെ അധികം അറിയപ്പെടാത്തയാളായിരുന്നു 61കാരനായ മനോഹര്‍ലാല്‍ ഖട്ടാര്‍. നിയമനിര്‍മാണം വഴി ബീഫ് നിരോധം നടപ്പാക്കിയ സംസ്ഥാനമാണ് ഹരിയാന. പശുക്കളെ അറുക്കുന്നത് പത്തുവര്‍ഷവും ഇറച്ചി കഴിക്കുന്നത് അഞ്ചുവര്‍ഷവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സംസ്ഥാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.