മരണാനന്തരം അഖ് ലാഖിന് പാക് ഭീകരപട്ടവും

രാം രത്തന്‍ പറഞ്ഞപോലത്തെന്നെയാണ് ബസാരയില്‍ കടന്നതെങ്കിലും ഗ്രാമത്തില്‍ കാത്തിരുന്നത് ഊഷ്മള വരവേല്‍പൊന്നുമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ് മുന്നറിയിപ്പുനല്‍കിയ വടിയുണ്ടായിരുന്നില്ളെന്നേയുള്ളൂ. എന്തിനാണിവിടെ വന്നതെന്ന് ചോദിച്ച് ഒരുകൂട്ടം താക്കൂര്‍ സ്ത്രീകള്‍ വഴിയില്‍ വളഞ്ഞു. പ്രായമേറിയവരും കൈക്കുഞ്ഞുങ്ങളേന്തിയവരുമുണ്ട് കൂട്ടത്തില്‍. അഖ് ലാഖിന്‍െറ വീട്ടിലേക്ക് പോകുന്ന ദല്ലാളുമാരാണ് നിങ്ങളെന്നുപറഞ്ഞ് കൂട്ടത്തില്‍ പ്രായമേറിയ സ്ത്രീ മറ്റുള്ളവര്‍ക്ക് ആവേശം പകര്‍ന്നു.
ഇനിയിവിടെയാരും വരേണ്ടെന്ന് പ്രഖ്യാപിച്ച് അവര്‍ മുന്നിലേക്ക് ഒന്നുകൂടി കയറിനിന്നപ്പോള്‍ നിങ്ങള്‍ ഈ പറയുന്നത് കേള്‍ക്കാനാണ് എത്തിയതെന്ന് വിനയപൂര്‍വം അറിയിച്ച് രംഗം തണുപ്പിക്കാന്‍ നോക്കി. പേനക്കും ഷര്‍ട്ടിനുമുള്ളിലുമൊക്കെ കാമറ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നായി അടുത്ത സംശയം. മൊബൈല്‍ ഫോണും റൈറ്റിങ് പാഡും പേനയുമല്ലാതെ ഒന്നുമില്ളെന്ന് അവര്‍തന്നെ പരിശോധിച്ച് ഉറപ്പുവരുത്തി.
ഗ്രാമത്തില്‍വെച്ച് ഒന്നും സംഭവിക്കില്ളെന്ന് പറഞ്ഞിരുന്ന രാം രത്തന് സ്വയം ബോധ്യമില്ലാത്തതുകൊണ്ടാവാം അപ്പോഴേക്ക് സൈക്കിളുമായി ഞങ്ങളെ തേടിയത്തെിയത്. രാം രത്തന്‍ കൂടിയത്തെിയതോടെ തണുത്ത സ്ത്രീകള്‍ സംസാരിച്ചുതുടങ്ങി. എന്നാല്‍, ധാബയില്‍ രാംരത്തന്‍ പറഞ്ഞതിന് നേര്‍വിപരീതമായിരുന്നു സ്ത്രീകളുടെ വര്‍ത്തമാനങ്ങള്‍.
‘70 വര്‍ഷമായി കൂടെ ജീവിക്കുന്നവരാണ് ഞങ്ങളെന്നാണ് അഖ്ലാഖിന്‍െറ കുടുംബം പറയുന്നത്. അപ്പോഴൊന്നും ഉപദ്രവിക്കാത്ത ഞങ്ങള്‍ ഇപ്പോള്‍ എങ്ങനെ അവര്‍ക്കെതിരായി? 70 വര്‍ഷമായി ഒന്നും ചെയ്യാത്ത നാട്ടുകാര്‍ എന്തിനാ അഖ്ലാഖിനെ ആക്രമിക്കാന്‍ പോയത്? എന്തെങ്കിലും തെറ്റ് ചെയ്യാതെ ആക്രമിക്കുമോ?’ മുതിര്‍ന്ന സ്ത്രീയുടെ ചോദ്യത്തെ  പിന്തുണക്കുന്ന പ്രസ്താവനയുമായി കൂട്ടത്തില്‍നിന്ന് മറ്റൊരാള്‍. ‘പശുവിനെ കൊന്ന് അഖ്ലാഖാണ് ആദ്യ തെറ്റ് ചെയ്തത്. ആ തെറ്റിനുള്ള ശിക്ഷയാണ് അഖ്ലാഖിന് ലഭിച്ചത്.’ പശുവിനെ കൊന്നില്ളേ, അത് തെറ്റല്ളേ? അതേക്കുറിച്ചെന്താണ് ആരുമൊന്നും പറയാത്തതെന്നും ആ താക്കൂര്‍ സ്ത്രീ ചോദിച്ചു. കൊന്ന മൃഗം ഏതെന്ന് എട്ടുമാസം കഴിഞ്ഞേ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കൂ. റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിടാത്തത് പശുവായതുകൊണ്ടാണെന്നുകൂടി പറഞ്ഞപ്പോള്‍ ആഗ്രയിലെയും മധുരയിലെയും ലബോറട്ടറിയിലെയും പരിശോധനാഫലം വന്ന കാര്യം ചൂണ്ടിക്കാട്ടി. എന്താണതില്‍ പറയുന്നതെന്നറിയാനുള്ള ആകാംക്ഷയായി സ്ത്രീകള്‍ക്ക്. ആട്ടിറച്ചിയാണെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് എന്ന് മറുപടി നല്‍കിയതോടെ അത് കള്ളമാണെന്നും കാശ് നല്‍കി കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയതാണെന്നുമായി സ്ത്രീകളുടെ പ്രതികരണം.
അതിനിടെ, വിദ്യാര്‍ഥിനിയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി ഗുരുതരമായ മറ്റൊരു ആരോപണവും ഉന്നയിച്ചു. കൊല്ലപ്പെട്ട അഖ്ലാഖ് പാക് ഭീകരനാണെന്നും മൂന്നുമാസം മുമ്പ് പരിശീലനത്തിനായി പാകിസ്താനില്‍ പോയിരുന്നെന്നുമായിരുന്നു ആരോപണം. തങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണിതെന്ന് മറ്റുള്ളവരും ഇതേറ്റുപിടിച്ചു. ആരാണിക്കാര്യം വെളിപ്പെടുത്തിയതെന്ന് ചോദിച്ചപ്പോള്‍ അഖ്ലാഖിന്‍െറ കുടുംബംതന്നെയാണെന്നും ഇതൊക്കെ പത്രത്തില്‍ വന്നതാണെന്നുമായിരുന്നു മറുപടി.
അന്വേഷിച്ചപ്പോള്‍ ‘ദൈനിക് ജാഗരണ്‍’ എന്ന ഹിന്ദി പത്രം അഖ്ലാഖിന്‍െറ കൊലപാതകത്തിനു ശേഷം ഇത്തരമാരു വാര്‍ത്ത പുറത്തുവിട്ടിരുന്നുവെന്ന് അറിഞ്ഞു. മുസഫര്‍നഗറില്‍ കലാപം ആളിക്കത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പത്രമായിരുന്നു ദൈനിക് ജാഗരണ്‍. ദാദ്രിയില്‍ അഖ്ലാഖിന്‍െറ സഹോദരന്‍ ചാന്ദ് മുഹമ്മദ് സൈഫിയെ കണ്ടപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്തത്. പാകിസ്താനിലെ കറാച്ചിയില്‍ കഴിയുന്ന സ്വന്തം അമ്മാവനെയും അമ്മായിയെയും കാണാന്‍ 1988ലാണ് അഖ്ലാഖ് പാകിസ്താനില്‍ പോയതെന്നും ശേഷം ഇന്നുവരെ പാകിസ്താനില്‍ പോയിട്ടില്ളെന്നും വ്യക്തമാക്കിയ ചാന്ദ് മുഹമ്മദ് ‘ദൈനിക് ജാഗരണ്‍’ പത്രത്തിനെതിരെ കുടുംബം നിയമനടപടിയെടുക്കുമെന്നും അറിയിച്ചു. 1988ലെ യാത്രക്ക് അഖ്ലാഖ് ഉപയോഗിച്ച പാസ്പോര്‍ട്ട് 1998ല്‍ കാലാവധി കഴിഞ്ഞതാണ്.   ‘ജാഗരണ്‍’ വാര്‍ത്തക്കു ശേഷം ഇതിന്‍െറ പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നിട്ടും മൂന്നുമാസം മുമ്പ് അഖ്ലാഖ് പാകിസ്താനില്‍ ഭീകരപരിശീലനത്തിന് പോയെന്ന് പറയുന്നത് ചെയ്ത തെറ്റിന് പുതിയ ന്യായീകരണം കണ്ടത്തൊനുള്ള ശ്രമമാണെന്നും അഖ്ലാഖ് പോയ കറാച്ചിയിലെ ഫെഡറല്‍ ഏരിയയില്‍ തങ്ങളുടെ ബന്ധുക്കളുള്ള കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും ചാന്ദ് മുഹമ്മദ് പറഞ്ഞു. എന്തുമാത്രം നുണകളാണ് ഇത്രയും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഗ്രാമത്തിലെ സ്ത്രീകളെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് പാക് ഭീകരപട്ടം. അഖ്ലാഖിനെതിരെ ഇല്ലാക്കഥകള്‍ ചമക്കുന്നതില്‍ ഒതുങ്ങിയില്ല നുണപ്രചാരണം. ഈ ബഹളങ്ങള്‍ക്കിടയില്‍ ദാദ്രിയില്‍ താക്കൂര്‍ വിഭാഗക്കാരിലൊരാള്‍ ആത്മഹത്യ ചെയ്തതും പശുക്കിടാവ് ചത്തതും പരവിദ്വേഷത്തിന്‍െറ വിഷം കലര്‍ത്താനുള്ള ഉപായങ്ങളാക്കി.

തുടരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.