ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയുമായ സംഗീത് സോം ബീഫില്‍ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയാണെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയുടെ ഗോമാംസ രാഷ്ട്രീയത്തെ പ്രതിരോധത്തിലാക്കി. ബിഹാറില്‍ ഗോമാംസ രാഷ്ട്രീയത്തിലൂടെ ഹിന്ദുവോട്ട് ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ വെളിപ്പെടുത്തലില്‍ പരസ്യ പ്രതികരണത്തിന് പാര്‍ട്ടി തയാറായില്ല. അതേസമയം ബീഫ് വ്യാപാരത്തില്‍ തന്‍െറ പങ്ക് നിഷേധിക്കാന്‍ സോം നടത്തിയ ശ്രമം തെളിവുകള്‍ക്കു മുമ്പില്‍ വീണ്ടും പൊളിഞ്ഞു.
രാജ്യത്ത് ബീഫ് വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു വ്യാപാരികളാണെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്‍െറ ‘അല്‍ കബീര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്’, മുംബൈയിലെതന്നെ സുനില്‍ കപൂറിന്‍െറ അറേബ്യന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്‍െറ എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണ-കയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് ബീഫ് വ്യാപാരിയാണെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.
ദാദ്രി സംഭവത്തില്‍ പരസ്യമായി ക്ഷമാപണം നടത്താതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍െറ മറപിടിച്ച് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ ഗോമാംസ രാഷ്ട്രീയം പുറത്തെടുത്തിരുന്നു. ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന ലാലുപ്രസാദ് യാദവിന്‍െറ പ്രസ്താവനക്കെതിരെ പരസ്യമായി പ്രതികരിച്ച മോദി യദുവംശികള്‍ പശുവിനെ ആരാധിക്കുന്നവരാണെന്നും അവരെ അവമതിക്കുകയാണെന്നും പറഞ്ഞു.വിഷയം തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പരാതിയായി എത്തിയതിനിടയിലാണ് ബീഫ് അടക്കമുള്ള ഹലാല്‍ ഇറച്ചി വ്യാപാരത്തില്‍ സോം പങ്കാളിയായ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്കായി സോം പരസ്യമായി രംഗത്തുവന്നതിന് തൊട്ടുപിറകെയായിരുന്നു ഇത്.
യോഗേഷ് റാവത്ത്, മൊഈനുദ്ദീന്‍ ഖുറൈശി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ‘അല്‍ദുഅ ഫുഡ് പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുണ്ടാക്കി സംഗീത് ഹലാല്‍ ഇറച്ചി വ്യാപാരം നടത്തുന്ന വാര്‍ത്ത ‘ഹിന്ദുസ്ഥാന്‍ ടൈംസാണ്’ ആദ്യമായി പുറത്തുവിട്ടത്. മുട്ടപോലും കഴിക്കാത്ത താന്‍ ഇത്തരം ഇറച്ചി വ്യാപാരം നടത്തുന്നുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നായിരുന്നു സോമിന്‍െറ ആദ്യപ്രതികരണം. അതോടെ ബി.ജെ.പി നേതാവിന്‍െറ ഹലാല്‍ ഇറച്ചി വ്യാപാരത്തിന്‍െറ മുഴുവന്‍ രേഖകളും മറ്റു മാധ്യമങ്ങളും പുറത്തുവിട്ടു. താന്‍ കമ്പനിയില്‍നിന്ന് ഒഴിഞ്ഞിട്ടുണ്ടെന്ന വിശദീകരണമാണ് പിന്നീട് സോം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍, അതു തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2005 മുതല്‍ 2008 വരെ അല്‍ദുവ കമ്പനിയുടെ ഡയറക്ടറായതിന്‍െറയും 20,000 ഓഹരികള്‍ എടുത്തതിന്‍െറയും രേഖകള്‍ ഇതിലുണ്ടായിരുന്നു. അലീഗഢില്‍ ഈ വ്യാപാരത്തിനായി ഭൂമി എടുത്തുകൊടുത്തതും സോം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.