ഒരേ പന്തിയിലുണ്ടു, ഒരിക്കലും തോല്‍ക്കാത്ത നന്മ

ദാദ്രി (ഉത്തര്‍പ്രദേശ്): ഹക്കീമിന്‍െറ മക്കളുടെ  നിക്കാഹിന് ദാദ്രിയിലെ ബിസാദ ഗ്രാമം ഒന്നിച്ചത്തെിയപ്പോള്‍ അത് ഒരിക്കലും തോല്‍ക്കാത്ത നന്മയുടെ വിളംബരമായി. പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഗ്രാമത്തില്‍ ഞായറാഴ്ച തന്‍െറ രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്താനാവില്ളെന്നായിരുന്നു ഹക്കീം  കരുതിയിരുന്നത്.
 സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഗ്രാമത്തെയാണ് വര്‍ഗീയവാദികള്‍ കൊലക്കളമാക്കിയത്. കല്യാണച്ചടങ്ങ് മാറ്റൊരിടത്തേക്ക് മാറ്റാനും ഹക്കീം ആലോചിച്ചു. എന്നാല്‍, ഗ്രാമത്തിലുള്ള ഹിന്ദുക്കള്‍ ഇത് നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഹക്കീമിന് ധൈര്യംപകര്‍ന്ന ഇവര്‍ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങള്‍ക്കും മുന്‍കൈയെടുത്തു. കല്യാണപ്പന്തലൊരുക്കാനും സദ്യയൊരുക്കാനും വീട്ടുകാരെ സഹായിക്കുകയും ചെയ്തു. വധൂവരന്മാരെ സ്വീകരിച്ചതും ഹിന്ദുക്കളും മുസ്ലിംങ്ങളും ചേര്‍ന്നായിരുന്നു. കല്യാണച്ചെലവുകള്‍ വഹിക്കാനും അവര്‍ തയാറായി.
ബിസാദ പ്രൈമറി സ്കൂളില്‍ നടന്ന വിവാഹത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. 1500 പേര്‍ക്കുള്ള കല്യാണ സദ്യ ഒരുക്കിയിരുന്നു.
ഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ല. ഗ്രാമത്തില്‍ ഈ രീതിയിലുള്ള വിവാഹം ആദ്യത്തേതല്ളെന്ന് സഞ്ജയ് റാണ പറഞ്ഞു. ബിസാദയില്‍ പള്ളി നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ പണം സമാഹരിച്ച് നല്‍കിയിട്ടുണ്ടെന്നും ഈ വിവാഹത്തോടെ ഗ്രാമത്തില്‍ ശാന്തിയും സമാധാനവും തിരിച്ചുവരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അക്രമികളുടെ മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ അഖ്ലാഖിന്‍െറ മകന്‍ ദാനിഷിനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നോയ്ഡയിലെ കൈലാഷ് ആശുപത്രിയിലായിരുന്നു  ദാനിഷിനെ ചികിത്സിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.