3,770 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം വെളിപ്പെട്ടതായി കേന്ദ്രം

ന്യൂഡല്‍ഹി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മൂന്നു മാസം കൊണ്ട് 3,770 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. 638 പേരാണ് തങ്ങളുടെ വിദേശ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താന്‍ സന്നദ്ധരായി വന്നത്. ഇന്നലെയായിരുന്നു വെളിപ്പെടുത്തലിനുള്ള അവസാന ദിവസം. വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ 30 ശതമാനം പിഴയും നികുതിയും അടച്ച് പ്രശ്നപരിഹാരത്തിനു അവസരമൊരുക്കുന്ന പദ്ധതിക്കായി മുംബൈയിലെയും ഡല്‍ഹിയിലെയും ഇന്‍കം ടാക്സ് ഓഫീസുകളില്‍ അവസരമൊരുക്കിയിരുന്നു. അവസാന ദിവസമായ ഇന്നലെ നിരവധി പേരാണ് കള്ളപ്പണ വെളിപ്പെടുത്തലിനെത്തിയത്. ഇവര്‍ക്ക് ഈ ഡിസംബര്‍ 31 വരെ നികുതിയും പിഴയും അടക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറാവുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ മുതിര്‍ന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഈ കേന്ദ്രങ്ങളില്‍ നിയമിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായി നേരിട്ട് ബന്ധപ്പെടാന്‍ ഹോട്ട് ലൈനും ഈ കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തിയിരുന്നു. കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറാവുന്നവര്‍ക്കുനേരെ മോശമായ പെരുമാറ്റമുണ്ടായാല്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരാന്‍ തയാറാവില്ളെന്നിരിക്കെ ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്.


പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും പാസാക്കിയ പുതിയ കള്ളപ്പണ നിയമം വിദേശ വരുമാനവും വെളിപ്പെടുത്താത്ത സ്വത്തുക്കളും (പുതിയ നികുതി ചുമത്തല്‍) അനുസരിച്ച് ഇന്ത്യയില്‍ താമസക്കാരായ എല്ലാ പൗരന്മാരും വിദേശത്തെ വസ്തുവകകളും വരുമാനവും വെളിപ്പെടുത്തേണ്ടതുണ്ട്. കള്ളപ്പണം തടയല്‍ ബില്‍ പ്രകാരം പിടിച്ചെടുക്കുന്ന തുകയുടെ 90 ശതമാനവും പിഴയും അതിന്‍്റെ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരിക. ക്രിമിനല്‍ നിയമപ്രകാരം പത്തുവര്‍ഷം വരെ തടവും ലഭിക്കും.

2013 അവസാനത്തെ കണക്ക് അനുസരിച്ച് സ്വിസ് ബാങ്കുകളില്‍മാത്രം ഇന്ത്യക്കാരുടെ 14,100 കോടിയോളം രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.