ഹര്‍ദിക് പട്ടേല്‍ വെല്ലുവിളിക്കുമ്പോള്‍ നെഞ്ചിടിപ്പ് മോദിക്ക്

ന്യൂഡല്‍ഹി: രണ്ടു മാസം മുമ്പ് ഗുജറാത്തിനു പുറത്ത് ഹര്‍ദിക് പട്ടേലിനെ ആരും അറിയുമായിരുന്നില്ല. എന്നാല്‍, ഇന്ന് ഗുജറാത്ത് സംവരണ പ്രക്ഷോഭത്തിലെ ഒറ്റയാന്‍ നായകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പില്‍ വില്ലന്‍ വേഷത്തില്‍ നില്‍ക്കുകയാണ് ഹര്‍ദിക് -ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന തീപ്പൊരി.

പട്ടേലുമാര്‍ക്ക്, അഥവാ പതിദര്‍ ജാതിക്ക് ഉദ്യോഗത്തിലും വിദ്യാലയ പ്രവേശത്തിലും ക്വോട്ട കിട്ടാതെ സമരത്തിന്‍െറ തീ കെടുത്തില്ളെന്ന ഭീഷണി ഉയര്‍ത്തിയാണ് ഹര്‍ദിക് പട്ടേലിന്‍െറ നില്‍പ്. സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന പട്ടേലുമാര്‍ സംവരണ മാനദണ്ഡങ്ങളുടെ നാലയലത്തു വരില്ല. പക്ഷേ, ഏതുവിധേനയും അവരെ അനുനയിപ്പിച്ചേ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മതിയാവൂ. അതല്ളെങ്കില്‍, പാര്‍ട്ടിയും മോദിയും കെട്ടിപ്പടുത്ത അധികാര ശക്തിദുര്‍ഗത്തിന്‍െറ അടിത്തറ മാന്തുമെന്ന സ്ഥിതി. ജൂലൈ ആറിനാണ് സംവരണാവശ്യവുമായി ഹര്‍ദിക് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. ഏതാണ്ട് 12,000ഓളം പേര്‍ അതില്‍ പങ്കെടുത്തു. രണ്ടാമത്തെ സമ്മേളനമായപ്പോഴേക്ക് കാണികള്‍ അരലക്ഷമായി.

കഴിഞ്ഞയാഴ്ച സൂറത്തില്‍ നടന്ന യോഗത്തിലാകട്ടെ, വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പങ്കെടുത്തത് നാലര ലക്ഷം പേരാണ്. ചൊവ്വാഴ്ച അഹ്മദാബാദില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് 10 ലക്ഷം പേരാണെന്ന് നേതാവും മൂന്നു ലക്ഷമെന്ന് പൊലീസും പറയുന്നു. മോദിയുടെ കാല്‍ച്ചുവട്ടിലായിരുന്ന ഗുജറാത്തില്‍, ബി.ജെ.പിയെ പിന്തുണച്ചുപോന്ന പട്ടേലുമാരെ ഒതുക്കാന്‍ പട്ടാളം ഇറങ്ങേണ്ടി വന്നതിലേക്കാണ് പ്രക്ഷോഭം എത്തിനില്‍ക്കുന്നത്.

22കാരന്‍െറ തീപ്പൊരി പ്രസംഗം ഉയര്‍ത്തുന്ന ആവേശം അതാണ്. മോദിയെപ്പോലെ  വാക്ചാതുരി, അരവിന്ദ് കെജ്രിവാളിനെപ്പോലൊരു സംഘാടന പാടവം. മുഴുക്കൈയന്‍ ഷര്‍ട്ടും പാന്‍റ്സും വേഷം. ബി.കോമിന് 50 ശതമാനത്തില്‍ താഴെ മാര്‍ക്കുമായി തൊഴില്‍ചന്തയിലേക്ക് മറ്റെല്ലാ യുവാക്കള്‍ക്കുമൊപ്പം ചാടിയ ഹര്‍ദിക് തന്‍െറ വഴി തിരിച്ചുവിട്ടത് പെട്ടെന്നാണ്. പട്ടേലുമാരെയും പതിദരെയും പിന്നില്‍ നിര്‍ത്തി വിളവെടുക്കാനുള്ള പുറപ്പാടിന്‍െറ ആഴവും പരപ്പും ബി.ജെ.പിയോ, സംസ്ഥാനം വിട്ട് ഇന്ദ്രപ്രസ്ഥത്തിലത്തെിയ മോദിയോ യഥാസമയം അളന്നില്ല. പട്ടേല്‍ സമുദായക്കാരിയെ മുഖ്യമന്ത്രിയായി വാഴിച്ച മോദിതന്ത്രത്തിന്‍െറ പാളിച്ചകൂടിയാണത്.

സ്വയം സൃഷ്ടിച്ചെടുത്ത നേതാവാണ് ഹര്‍ദിക് പട്ടേല്‍. നേതാവിന്‍െറ പരിവേഷമൊന്നും അവകാശപ്പെടാനില്ല. അഹ്മദാബാദിനടുത്ത മെഹ്സാനയിലെ വിരംഗത്താണ് ജനിച്ചത്. പിതാവ് ഭരത്ഭായ് പട്ടേലിന് വാട്ടര്‍പമ്പ് വില്‍ക്കുന്ന ചെറിയൊരു ബിസിനസ് ഉണ്ടായിരുന്നു. അദ്ദേഹം ബി.ജെ.പിക്കാരന്‍. കുറെക്കാലം ബിസിനസില്‍ പിതാവിനെ സഹായിച്ചു. സ്ത്രീകളെയും പാവപ്പെട്ട കര്‍ഷകരെയും ദ്രോഹിക്കുന്നതിനെതിരായ പോരാട്ടത്തിന് സംഘടന രൂപവത്കരിച്ച് സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കാലെടുത്തു വെച്ചത് 2011ലാണ്. പിന്നെയാണ്, പട്ടേലുമാര്‍ക്ക് സംവരണമെന്ന ആശയം മുളപൊട്ടിയത്. പിതാവിനൊപ്പമാണ് താമസം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഒരു സഹോദരിയുണ്ട്.

സംവരണത്തെക്കുറിച്ച് ഹര്‍ദിക് പറഞ്ഞുതുടങ്ങുന്നത് സഹോദരിയില്‍നിന്നാണ്. നല്ല മാര്‍ക്ക് സഹോദരിക്ക് കിട്ടിയെങ്കിലും സ്കോളര്‍ഷിപ്പിനൊന്നും അര്‍ഹതയില്ല. അതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കു കിട്ടിയ മറ്റു സമുദായത്തിലെ കൂട്ടുകാരികള്‍ ക്വോട്ടയുടെ ബലത്തില്‍ പിടിച്ചുകയറി. അവര്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യം. തന്‍െറ പല കൂട്ടുകാരും ഇതേ കാഴ്ചപ്പാടാണ് പങ്കുവെച്ചതെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കും. പട്ടേലുമാരില്‍ പത്തിലൊന്നു മാത്രമാണ് മുതലാളിമാരെന്നാണ് ഹര്‍ദികിന്‍െറ വാദം. ഗ്രാമങ്ങളിലേക്കു ചെന്നാല്‍, നേരെ ചൊവ്വേ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ ധാരാളം. കടക്കെണിയും ദാരിദ്ര്യവും മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ നല്ലപങ്കും പട്ടേല്‍ സമുദായക്കാരാണെന്നും ഹര്‍ദിക് പറയുന്നു.

ഇതെല്ലാം മനസ്സിലാക്കി സംവരണത്തിനുള്ള ‘അവകാശം’ അനുവദിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കും. അതു കിട്ടിയില്ളെങ്കില്‍, ബലം പ്രയോഗിച്ച് പിടിച്ചെടുക്കും -ഹര്‍ദിക് അജണ്ട വിവരിക്കുന്നു. ഗാന്ധിയെ പുകഴ്ത്തിപ്പറയുമെങ്കിലും, ഏതാനും ആഴ്ചമുമ്പാണ് തോക്കുമായി ആരാധകര്‍ക്കിടയില്‍ നില്‍ക്കുന്ന ഹര്‍ദികിന്‍െറ ചിത്രം അനുയായികളില്‍ ചിലര്‍ യു-ട്യൂബില്‍ ഇട്ടത്.

ഗുജറാത്തില്‍ പട്ടേലുമാരുടെ കുത്തകയത്രയും ഹര്‍ദികിന് അവകാശപ്പെട്ടതല്ല. ചില പട്ടേല്‍ വിഭാഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. മുസ്ലിം സമുദായത്തിലുമുണ്ട് പട്ടേലുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ഗുജറാത്തുകാരനുമായ അഹ്മദ് പട്ടേലാകട്ടെ, ഹര്‍ദിക് പട്ടേലുമായി സമരത്തിലും സാമുദായികമായുമില്ല ബന്ധം. സംസ്ഥാന ജനസംഖ്യയില്‍ അഞ്ചിലൊന്നു മാത്രമാണ് പട്ടേലുമാര്‍. അഥവാ, 1.80 കോടി. പക്ഷേ, ഭരണത്തിലും ബിസിനസിലും കൃഷിയിലുമെല്ലാം പട്ടേലുമാരുടെ അടക്കിവാഴ്ചയുണ്ട്.

കേശുഭായ് പട്ടേലിനെ തള്ളിമാറ്റി മുഖ്യമന്ത്രിക്കസേര പിടിച്ച നരേന്ദ്ര മോദി ആദ്യമാദ്യം പട്ടേലുമാരുടെ കൃഷിക്കും വ്യവസായങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി സന്തോഷിപ്പിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍, വന്‍കിട ബിസിനസുകാരില്‍ കണ്ണുവെച്ച് മോദി നീങ്ങിയതോടെ, തഴയപ്പെടുന്നതിന്‍െറ രോഷം പട്ടേലുമാര്‍ക്കിടയില്‍ കനത്തുവന്നു. മാതൃകാ സംസ്ഥാനമാണ് ഗുജറാത്ത് എന്നൊക്കെ നരേന്ദ്ര മോദി പ്രസംഗിച്ചു നടന്നതിനിടയില്‍ ഭൂജന്മിമാരായ പട്ടേലുമാര്‍ക്ക് കൃഷി ആദായകരമല്ലാതായി മാറി.

മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയ പട്ടേല്‍ സമുദായത്തിലെ യുവതലമുറക്കാര്‍ക്കിടയില്‍ അവഗണനക്കെതിരെ അതൃപ്തി വളര്‍ന്നുവന്നു. അവരാണ് ഹര്‍ദിക് പട്ടേലിനു പിന്നില്‍ അണിനിരക്കുന്നത്. മോദിയെ ആശങ്കയിലാക്കുന്നതും അതുതന്നെ. സംവരണമെന്ന ആവശ്യത്തിനപ്പുറം, മാതൃകാ സംസ്ഥാനമായി ചിത്രീകരിക്കപ്പെട്ട ഗുജറാത്തിലെ കൃഷി-ചെറുകിട വ്യവസായ മേഖലകളുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ കൂടിയാണ് പ്രക്ഷോഭത്തിന്‍െറ കരുത്ത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.