ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ച സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഉള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘമാണ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
ബുധനാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വ്യാഴാഴ്ച യൂനിയന്‍ നേതാക്കളെ വീണ്ടും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. എന്നാല്‍, രണ്ടാം വട്ട ചര്‍ച്ചയിലും പരിഹാരമുണ്ടായില്ല. ബി.ജെ.പി അനുകൂല ട്രേഡ് യൂനിയന്‍ ബി.എം.എസും സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന തൊഴില്‍നിയമ പരിഷ്കരണ നീക്കം അവസാനിപ്പിക്കുക, 15,000 രൂപ മിനിമം കൂലി ഉറപ്പാക്കുക, ട്രേഡ് യൂനിയന്‍ സ്വാതന്ത്ര്യം ഹനിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുക, വിലക്കയറ്റം തടയുക, സാര്‍വത്രിക പൊതുവിതരണ സംവിധാനം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂനിയനുകള്‍ ഉന്നയിക്കുന്നത്.
ആവശ്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ഉറപ്പുനല്‍കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ളെന്നും സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് എ.കെ. പത്മനാഭന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.