ഇന്ദ്രാണി മുഖര്‍ജി മകനെയും വധിക്കാന്‍ പദ്ധതിയിട്ടെന്ന്

മുംബൈ: മകള്‍ ശീന ബോറയെ കൊലപ്പെടുത്തിയ അമ്മ ‘9 എക്സ് മീഡിയ’ സ്ഥാപക  ഇന്ദ്രാണി മുഖര്‍ജി മകന്‍ മിഖായേല്‍ ബോറയെയും കൊല്ലാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയില്‍ അറസ്റ്റിലായ ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയാണ് ചോദ്യംചെയ്യലിനിടെ ഇക്കാര്യം  വെളിപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, ഇതുവരെ കൊലപാതകം നടത്തിയത് എന്തിനെന്ന് കണ്ടത്തൊന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം, ഇന്ദ്രാണി സ്ഥാപിച്ച ടെലിവിഷന്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ‘9 എക്സ് മീഡിയ’യില്‍ ഓഹരിയുള്ള ‘ന്യൂസ് എക്സ്’ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന് ഇടം നല്‍കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നിലവിലെ ഭര്‍ത്താവ് ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ പിന്തുണയോടെയാണ് ഇന്ദ്രാണി ‘9 എക്സ് മീഡിയ’ സ്ഥാപിച്ചത്. അതേസമയം, ശീനയും മിഖായേലും വിവാഹത്തിനു മുമ്പുള്ള ബന്ധത്തില്‍ പിറന്നതാണെന്നും പൂര്‍വകാല കഥ പുറത്തുവരുന്നത് നിലവിലെ തന്‍െറ പ്രശസ്തിയെയും ഉയര്‍ച്ചയെയും ബാധിക്കുമെന്നുമുള്ള ഭീതി ഇന്ദ്രാണിക്കുണ്ടായിരുന്നതായും പറയപ്പെടുന്നു. 1991 ലാണ് ഇന്ദ്രാണിയുടെ ആദ്യ വിവാഹം നടക്കുന്നത്. സിദ്ധാര്‍ഥ് ദാസ് ആയിരുന്നു ഭര്‍ത്താവ്. എന്നാല്‍, വിവാഹം നടക്കുമ്പോള്‍ ഇന്ദ്രാണിയുടെ മക്കളായ രണ്ട് വയസ്സുകാരി ശീനയും ഒരു വയസ്സുകാരന്‍ മിഖായേലും മുത്തച്ഛന്‍െറയും മുത്തശ്ളിയുടെയും സംരക്ഷണയിലായിരുന്നു. ദാസുമായുള്ള ബന്ധം വിട്ട ഇന്ദ്രാണി കൊല്‍കത്തകാരനായ സഞ്ജീവ് ഖന്നയെയാണ് പിന്നീട് വിവാഹം ചെയ്തത്.

അതില്‍ വിധി എന്ന മകളുണ്ട്. പിന്നീട്, ഖന്നയെ വിട്ട് മകളുമായി മുംബൈയില്‍ എത്തിയ ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിയുമായി പ്രണയത്തിലാവുകയും 2002ല്‍ വിവാഹിതയാകുകയുമായിരുന്നു. വിധിയെ മകളായി പീറ്റര്‍ ദത്തെടുക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് മറ്റ് രണ്ട് മക്കളുള്ളതായി ഇന്ദ്രാണി പീറ്ററില്‍നിന്നും തന്‍െറ സുഹൃദ് സംഘങ്ങളില്‍നിന്നും മറച്ചുവെച്ചു. പീറ്ററുമായുള്ള വിവാഹത്തിന് ശേഷമാണ് മാധ്യമരംഗത്ത് കരുത്തുറ്റ വനിതാ മേധാവിയായി ഇന്ദ്രാണി ഉയര്‍ന്നുവന്നത്. 2004ലാണ് ശീനയെയും മിഖായേലിനെയും തന്‍െറ സഹോദരങ്ങളായി ഇന്ദ്രാണി പീറ്ററെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്തുന്നത്. ശീനയെ മുംബൈയില്‍ കൊണ്ടുവന്ന് പഠിപ്പിക്കുകയും ചെയ്തു.

ഇതിനിടയില്‍ പീറ്ററുടെ ആദ്യ വിവാഹത്തിലെ മൂത്ത മകന്‍ രാഹുലുമായി ശീന പ്രണയത്തിലായി. ഇതിനെ പീറ്ററും ഇന്ദ്രാണിയും എതിര്‍ത്തു. എതിര്‍പ്പ് ലംഘിച്ച ഇരുവരും ഒരുമിച്ച് കഴിയാനും തുടങ്ങിയതിനിടെയാണ് കൊല നടക്കുന്നത്. ഇന്ദ്രാണി തന്‍െറ ജ്യേഷ്ഠത്തിയല്ല അമ്മയാണെന്ന് ശീന കൂട്ടുകാരോടും രാഹുലിനോടും വെളിപ്പെടുത്തിയിരുന്നു. ഒരു വിരുന്നില്‍വെച്ച് മദ്യലഹരിയിലായിരുന്ന ശീന കൂട്ടുകാരോട് സത്യം വെളിപ്പെടുത്തുകയായിരുന്നുവത്രെ. ശീനയുടെ അമ്മയാണ് ഇന്ദ്രാണി എന്നറിഞ്ഞ രാഹുല്‍ അവരില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ പീറ്ററെ അറിയിച്ചതായാണ് പറയപ്പെടുന്നത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായി രാഹുലിനെ രണ്ട് തവണ പൊലീസ് ചോദ്യംചെയ്തു.

പീറ്റര്‍ മുഖര്‍ജിയെയും ചോദ്യം ചെയ്യും. മിഖായേലിനെ ഗുവാഹതിയില്‍ ചെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവില്‍ മിഖായേലിനെ  ദിസ്പുര്‍ പൊലീസ് കസ്റ്റഡിയില്‍ എ്ടുത്തതായാണ് റിപ്പോര്‍ട്ട്. സഞ്ജീവ് ഖന്നയെ വെള്ളിയാഴ്ച മുംബൈയില്‍ എത്തിക്കും. തുടര്‍ന്ന് സഞ്ജീവ് ഖന്ന, ഇന്ദ്രാണി, അവരുടെ ഡ്രൈവര്‍ ശ്യാം മനോഹര്‍ റായ് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.