മുസഫര്‍നഗര്‍ കലാപം: തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞു

ചെന്നൈ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ വര്‍ഗീയ കലാപത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തമിഴ്നാട്ടിലും പുതുച്ചേരിയിലും തടഞ്ഞു. രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമെന്നാരോപിച്ചാണ് ‘മുസഫര്‍നഗര്‍ ബാഖി ഹെ’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം പൊലീസ് തടഞ്ഞതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്ത് 200 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്‍െറ ഭാഗമായാണ് തമിഴ്നാട്ടിലും വാടകക്കെടുത്ത തിയറ്ററുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ചെന്നൈ, മധുര, തൃശ്ശിനാപ്പള്ളി, പുതുച്ചേരി എന്നിവിടങ്ങളില്‍ പൊലീസിന്‍െറ ഇടപെടലില്‍ പ്രദര്‍ശനം മുടങ്ങി.

അമിത് ഷായുടെ സന്ദര്‍ശനമാണ് പുതുച്ചേരിയില്‍ പ്രദര്‍ശനം തടയാന്‍ പൊലീസ് നല്‍കിയ വിശദീകരണം. ചെന്നൈയില്‍ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്‍െറ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ബസന്ത് നഗറിലെ സ്പെയ്സ് ഹാളില്‍ പ്രദര്‍ശനം തുടങ്ങിയതിനു പിന്നാലെ എത്തിയ പൊലീസ് സംഘം, അനുമതിയില്ലാത്തതിനാലും സംഘര്‍ഷത്തിന് വളമാകുമെന്നും ആരോപിച്ച് ഡോക്യുമെന്‍ററി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 60ഓളം പേര്‍ ഹാളിലുണ്ടായിരുന്നു. ഇവര്‍ സമീപത്തെ കടല്‍ത്തീരം വരെ പ്രതിഷേധ പ്രകടനം നടത്തിയാണ് പിരിഞ്ഞുപോയത്. നുങ്കംപാക്കത്തെ മാക്സ് മുള്ളര്‍ ഭവനില്‍ നടത്താനിരുന്ന പ്രദര്‍ശനം പൊലീസിന്‍െറ ഭീഷണിയത്തെുടര്‍ന്നാണ് ബസന്ത് നഗറിലേക്ക് മാറ്റിയത്.

നകുല്‍സിങ് സാഹ്നി സംവിധാനം ചെയ്ത ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഈമാസം ഒന്നിന് ഡല്‍ഹിയിലെ കിറോറി മാല്‍ കോളജില്‍ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് രാജ്യമാകമാനം 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ദലിത്-പിന്നാക്ക-മനുഷ്യാവകാശ, സന്നദ്ധ സംഘടനകളുടെയും സിനിമാ-സാഹിത്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.