പാക് ഷെല്ലാക്രമണത്തിനിരയായ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

ശ്രീനഗര്‍: ഇന്ത്യ^പാക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖക്ക് സമീപം പാക് ഷെല്ലാക്രമണങ്ങള്‍ക്കിരയായ കുടുംബങ്ങളെ ബുധനാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച കശ്മീരിലത്തെിയ രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യദിനത്തില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറു പേരുടെയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. സുരക്ഷിത മേഖലകളിലേക്ക് തങ്ങളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും ആളുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പുനല്‍കി. ജനങ്ങള്‍ അതീവ ഭീതിയിലാണ് കഴിഞ്ഞുകൂടുന്നതെന്നും അവരുടെ ന്യായമായ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ്  പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണി, ജമ്മു^കശ്മീര്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.  പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെടുന്നവര്‍ക്ക് തുച്ഛമായ തുകയാണ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ഇത് പരിഹരിക്കണമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷം 245 തവണയാണ് ഇതുവരെ പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ആഗസ്റ്റില്‍ മാത്രം 51 തവണ വെടിവെപ്പുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.