ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വിളിക്കിടെ സിഗ്നല്‍ പ്രശ്നംമൂലം സംഭാഷണം മുറിയുന്നത് അടിയന്തരമായി പരിഹരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ഉന്നതതല അവലോകനയോഗത്തിലാണ് മൊബൈല്‍ വരിക്കാരുടെ പ്രധാന പരാതിയായ ‘കാള്‍ ഡ്രോപ്’ പരിഹരിക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശിച്ചത്. സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിതെന്നും അതിന് അടിയന്തരപരിഹാരം വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ‘കാള്‍ ഡ്രോപ്’ സംബന്ധിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചു. ട്രായ് ഡല്‍ഹിയിലും മുംബൈയിലും നടത്തിയ പരിശോധനയില്‍ ‘കാള്‍ ഡ്രോപ്’ പരാതികള്‍ കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കട്ടാകുന്ന മിനിറ്റുകള്‍ക്ക് പകരം സൗജന്യമായി അധിക സംസാരസമയം നല്‍കണമെന്ന നിര്‍ദേശം ട്രായിയുടെ മുമ്പാകെയുണ്ട്.
ഫോണ്‍ കട്ടാകുന്നതിനുപിന്നില്‍ കൂടുതല്‍ ലാഭത്തിന് ടെലികോം കമ്പനികള്‍ നടത്തുന്ന കള്ളക്കളിയുണ്ടെന്ന ആക്ഷേപം ട്രായിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, മൊബൈല്‍ ടവറുകള്‍ക്കുമേലുള്ള നിയന്ത്രണവും ഇടതടവില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനുള്ള സ്പെക്ട്രത്തിന്‍െറ അഭാവവുമാണ് പ്രശ്നത്തിന് കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം.
ഭൂരിപക്ഷം വരിക്കാരുടെയും താരിഫ്പ്ളാന്‍ സെക്കന്‍ഡ് ബിലിങ് ആണെന്നും അതിനാല്‍, പാതിവഴി ഫോണ്‍ കട്ടാകുന്നതുകൊണ്ട് സാമ്പത്തികമായി കമ്പനിക്ക് പ്രത്യേക ലാഭമോ വരിക്കാരന് നഷ്ടമോ ഉണ്ടാകുന്നില്ളെന്നാണ് കമ്പനികളുടെ വാദം. എയര്‍ടെല്‍ വരിക്കാരില്‍ 95 ശതമാനവും സെക്കന്‍ഡ് ബിലിങ് പ്ളാനിലുള്ളവരാണെന്ന് കമ്പനി പ്രതിനിധി ഗോപാല്‍ വിത്തല്‍ പറഞ്ഞു. കമ്പനികളുടെ വാദം ശരിയാണോയെന്ന് പരിശോധിച്ചുവരുകയാണെന്ന് ടെലികോം സെക്രട്ടറി രാഗേഷ് കാര്‍ഗ് പറഞ്ഞു. പോസ്റ്റ് പേഡ് വരിക്കാരുടെ താരിഫ് ഏറെയും മിനിറ്റ് ബിലിങ് അടിസ്ഥാനത്തിലാണ്. മാത്രമല്ല, സ്പെഷല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന സൗജന്യ സംസാരസമയവും മിനിറ്റ് ബിലിങ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഫോണ്‍വിളി പാതിവഴിയില്‍ കട്ടാകുമ്പോള്‍ ഇവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ട്. ഇത് എത്രത്തോളമെന്നാണ് പരിശോധിക്കുന്നതെന്നും ടെലികോം സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.