ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച; പാകിസ്താന്‍ പിന്മാറി

ന്യൂഡല്‍ഹി: ഇന്ത്യ^പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍നിന്ന് പാകിസ്താന്‍ പിന്മാറി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരില്ളെന്ന് ശനിയാഴ്ച രാത്രിയാണ് പാകിസ്താന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സുരക്ഷാ വിഷയത്തില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കാനും കശ്മീര്‍ വിമതരുമായുള്ള ചര്‍ച്ച ഒഴിവാക്കാനും പാകിസ്താന്‍ തയാറല്ളെങ്കില്‍ ചര്‍ച്ച നടക്കില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്താന്‍െറ പിന്മാറ്റം.
കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും മറിച്ചുള്ള ഉപാധികള്‍ക്ക് വിധേയമായി ചര്‍ച്ച പറ്റില്ളെന്നും പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച കലങ്ങിയെന്ന് കഴിഞ്ഞദിവസം തന്നെ വ്യക്തമായിരുന്നു. എന്നാല്‍, പിന്മാറ്റത്തിന്‍െറ പേരുദോഷം ആരുടെ ചുമലില്‍ വെക്കണമെന്ന തന്ത്രത്തില്‍ ഊന്നിയുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഒൗപചാരിക പ്രഖ്യാപനം നീണ്ടത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: വാജ്പേയിയുടെ കാലത്ത് ഉണ്ടാക്കിയ ഷിംല കരാറിന്‍െറ അന്ത:സത്തക്ക് അനുസൃതമായി ചര്‍ച്ച നടക്കണം. അതനുസരിച്ച് ചര്‍ച്ചകളില്‍ മൂന്നാംകക്ഷി ഇടപെടല്‍ പറ്റില്ല.
ഹുര്‍റിയത് കോണ്‍ഫറന്‍സിന് ഇന്ത്യ^പാക് ചര്‍ച്ചകള്‍ക്കിടയില്‍ റോള്‍ നല്‍കാന്‍ പറ്റില്ല. ഊഫയില്‍ നടന്ന മോദി^ശരീഫ് കൂടിക്കാഴ്ചയില്‍ തീരുമാനിച്ച സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയുടെ അജണ്ട വിപുലപ്പെടുത്താന്‍ പറ്റില്ല. ഭീകരതയും സുരക്ഷയുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു വിഷയവും ഈ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തരുത്.

ചര്‍ച്ചക്ക് ഉപാധിവെക്കുകയല്ല ഇന്ത്യ ചെയ്യുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ത്യ എതിരല്ല. എന്നാല്‍, പിന്നീടു മാത്രം. സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ അതു കടന്നുവരേണ്ട കാര്യമില്ല. അനുകൂലമായ മറ്റൊരു സന്ദര്‍ഭത്തില്‍ കശ്മീര്‍ ചര്‍ച്ചയാകാം. ചര്‍ച്ചക്കത്തെുന്ന സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഹുര്‍റിയത് നേതാക്കളെ അതിനുമുമ്പ് കാണുന്നത്, ശരിയായൊരു മൂന്നാംകക്ഷിയായി അവരെ പരിഗണിക്കുന്നതിന് തുല്യമാണ്.

ഹുര്‍റിയത്തുമായി ചര്‍ച്ചയില്ളെങ്കില്‍, ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമെങ്കില്‍ ശനിയാഴ്ച അര്‍ധരാത്രി വരെ പാകിസ്താന് സമയമുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാല്‍ സര്‍താജ് അസീസിനെ ക്ഷണിക്കും. അല്ളെങ്കില്‍ ചര്‍ച്ച നടക്കില്ല. ഞായറാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തേണ്ടത്. വാജ്പേയിയുടെ കാലത്ത് ഹുര്‍റിയത്തുമായി പാകിസ്താന്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടല്ളോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന്, അതു പഴങ്കഥ എന്നായിരുന്നു സുഷമ സ്വരാജിന്‍െറ മറുപടി.
സുഷമ സ്വരാജിന്‍െറ വാര്‍ത്താസമ്മേളനത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സര്‍താജ് അസീസ്, ഇന്ത്യ ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കുറ്റപ്പെടുത്തി.

ചര്‍ച്ചയുടെ അജണ്ട മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പക്ഷേ, പുതിയ ഉപാധികള്‍ വെക്കുന്നത് സ്വീകാര്യമല്ല. അതില്ളെങ്കില്‍ ചര്‍ച്ചക്ക് പുറപ്പെടും. കശ്മീര്‍ അടക്കം എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്നാണ് മോദി^ശരീഫ് കൂടിക്കാഴ്ചയുടെ മര്‍മം. ഇന്ത്യ വ്യക്തമായ നിലപാടില്ലാതെയാണ് ഒഴിഞ്ഞുമാറുന്നത്. ഹുര്‍റിയത്തുമായി ചര്‍ച്ച നടത്തുന്നത് പുതിയ കാര്യമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.