രണ്ട് ദയാഹരജികള്‍ തള്ളാന്‍ രാഷ്ട്രപതിക്ക് കേന്ദ്ര ശിപാര്‍ശ

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരുടെ ദയാഹരജി തള്ളാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശിപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ നിലപാട് അറിയാന്‍ ദയാഹരജി നേരത്തെ കേന്ദ്ര സര്‍ക്കാറിന് കൈമാറിയിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള മോഹന്‍ ചവാന്‍, ജിതേന്ദ്ര ഗെഹ്ലോട്ട് എന്നിവരുടെ ദയാഹരജികള്‍ തള്ളാനാണ് കേന്ദ്രം ശിപാര്‍ശ നല്‍കിയത്.
 1999ല്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് മോഹന്‍ ചവാനെ വധശിക്ഷക്ക് വിധിച്ചത്. 94ല്‍ അഞ്ചു സ്ത്രീകളെയും രണ്ടു കുട്ടികളെയും കൂട്ടക്കൊല നടത്തിയതിനാണ് ജിതേന്ദ്ര ഗെഹ്ലോട്ട് ശിക്ഷിക്കപ്പെട്ടത്. കേസില്‍ കീഴ്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയും ഗവര്‍ണര്‍ ദയാഹരജി തള്ളുകയും ചെയ്തതിന് ശേഷമാണ് പ്രതികള്‍  രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷം ജൂലൈ 30ന് തൂക്കിലേറ്റപ്പെട്ട മുംബൈ ഭീകരാക്രമണ കേസ് പ്രതി യാക്കൂബ് മേമന്‍ ഉള്‍പ്പെടെ 22 പേരുടെ ദയാഹരജികളാണ് തള്ളിയത്. അസമിലെ മന്‍ബഹ്ദൂര്‍ ധവാന്‍ എന്നയാള്‍ക്ക് മാത്രമാണ് രാഷ്ട്രപതിയുടെ ദയയില്‍ തൂക്കുകയര്‍ ഒഴിവായത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.