ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന് അലഹബാദ് ഹൈകോടതി

അലഹബാദ്: ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലങ്ങളിലെ നിലവിലെ ശോച്യാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയ അലഹബാദ് ഹൈകോടതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മക്കളെ അവരുടെ വാര്‍ഡുകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ അയക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് കോടതി ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താലേ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. ഉമേഷ്കുമാര്‍ സിങ്ങും മറ്റു ചിലരും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് സുധിര്‍ അഗര്‍വാളിന്‍െറ നിര്‍ദേശം. അടുത്ത അധ്യയനവര്‍ഷം സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങളുടെ കാര്യത്തില്‍ മേല്‍ സൂചിപ്പിച്ച നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആറുമാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാനും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.