ന്യൂഡല്‍ഹി: മാഗി നിരോധം മുംബൈ ഹൈകോടതി റദ്ദാക്കിയെങ്കിലും നെസ്ലെ ഇന്ത്യക്കെതിരെ കേന്ദ്ര ഉപഭേക്തൃ തര്‍ക്ക പരിഹാര കമീഷന് (എന്‍.സി.ഡി.ആര്‍.സി) നല്‍കിയ കേസുമായി മുമ്പോട്ടുപോകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി. ഹൈകോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കേസ് അവസാനിപ്പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിരോധം പിന്‍വലിച്ച കോടതിവിധി എന്‍.സി.ഡി.ആര്‍.സിയിയില്‍ നല്‍കിയ കേസിനെ ഒരു രീതിയിലും ബാധിക്കില്ല. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും അധാര്‍മിക വ്യാപാരം നടത്തിയതിനുമെതിരെ 640 കോടി രൂപ പിഴ ഈടാക്കണമെന്നാവശ്യപ്പെട്ടാണ് നെസ്ലക്കെതിരെ ആരോഗ്യ മന്ത്രാലയം എന്‍.സി.ഡി.ആര്‍.സിയില്‍ പരാതി നല്‍കിയത്. കേസില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഹാനികരമായ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടായ അടിസ്ഥാന നഷ്ടത്തിന് 284.45 കോടിയും രൂപയും ഇതിന്‍െറ പിഴയായി 355.50 കോടിയും ഒടുക്കണമെന്നാവശ്യപ്പെട്ടാണ് സ്വിസ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പിഴ അടക്കാന്‍ വൈകിയാല്‍ വര്‍ഷത്തില്‍ 18 ശതമാനം പലിശയും കമ്പനിയില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പിഴ ഒടുക്കിയാല്‍ ആ തുക ഉപഭോക്തൃക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി എതിര്‍ക്കാനുള്ള ആത്മവിശ്വാസമുണ്ടെന്ന് നെസ്ലെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ഭീമമായി പിഴ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശയുണ്ട്. വിഷയം പഠിച്ച ശേഷം സര്‍ക്കാറിന്‍െറ പരാതിക്കെതിരെ എതിര്‍ ഹരജി നല്‍കാനാണ് കമ്പനി തീരുമാനമെന്നും നെസ്ലെ അറിയിച്ചു. അമിത അളവില്‍ ഈയം കണ്ടത്തെിയതിനെ തുടര്‍ന്ന് 2015 ജൂണ്‍ അഞ്ചിനാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ മന്ത്രാലയം മാഗി നിരോധിക്കുന്നത്. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് കമ്പനി നല്‍കിയ പരാതിയിന്മേലാണ് നിരോധം നീക്കാനും ഉല്‍പന്നം വീണ്ടും പരിശോധിക്കാനും മുംബൈ ഹൈകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.