തൊഴിലാളികളോട് കുശലം ചോദിച്ചും കൈകൊടുത്തും മോദി

അബൂദബി: കുശലം ചോദിച്ചും കൈകൊടുത്തും കൂടെ നിന്ന് ഫോട്ടോയെടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ തൊഴിലാളികളെ കൈയിലെടുത്തു. എന്നാല്‍ തങ്ങളുടെ ആവലാതികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ 10 മിനുട്ടില്‍ പരിപാടികള്‍ അവസാനിപ്പിച്ചതില്‍  അവര്‍ നിരാശരുമായി. 
അബൂദബിയിലെ വ്യവസായ മേഖലയായ മുസഫയിലെ ഐക്കാഡ് ലേബര്‍ ക്യാമ്പിലത്തെിയ മോദിയെ കാത്ത് മലയാളികള്‍ ഉള്‍പ്പെടെ 300 ഓളം തൊഴിലാഴികളാണ് ഉണ്ടായിരുന്നത്. വിവിധ രാജ്യക്കാരായ 60,000 ത്തോളം തൊഴിലാളികളാണ് മികച്ച സൗകര്യങ്ങളുള്ള ഈ ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്.  ഇതില്‍ 25,000 ത്തിലേറെ ഇന്ത്യക്കാരാണ്. ഇതില്‍ നിന്ന് വിവിധ കമ്പനികള്‍ തെരഞ്ഞെടുക്കുകയും ഇന്ത്യന്‍ എംബസി അംഗീകരിക്കുകയും ചെയ്ത 300 പേര്‍ക്കാണ് ക്യാമ്പിലെ മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കും രാഷ്ട്രപിതാവ്  ശൈഖ് സായിദിന്‍െറ ഖബറിടവും സന്ദര്‍ശിച്ച് നേരെ രാത്രി 7.25 ഓടെ ഹാളിലത്തെിയ മോദിയെ നിലക്കാത്ത കൈയടികളോടെയാണ് തൊഴിലാളികള്‍ വരവേറ്റത്. തൊഴിലാളികള്‍ക്ക് നേരെ കൈകൂപ്പി നീങ്ങിയ പ്രധാനമന്ത്രി അവരോട് വിശേഷങ്ങള്‍ ചോദിച്ച് ഹസ്തദാനം നല്‍കി. കൂടെ ഫോട്ടോയെടുക്കണമെന്ന ആവശ്യം അംഗീകരിച്ച് അവരോടൊപ്പം പോസ് ചെയ്തു. 
എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും ഉന്നയിക്കാനായി കാത്തുനിന്നവര്‍ക്ക് അതിന് അവസരം ലഭിച്ചില്ല. യു.എ.ഇയില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളെ കാണുന്നതെന്ന സവിശേഷത സന്ദര്‍ശനത്തിന് ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ക്ക് കൂടുതല്‍ സമയം മോദിയോടൊപ്പം ചെലവഴിക്കാനോ സംസാരിക്കാനോ അവസരം ലഭിച്ചില്ളെന്ന പരിഭവം തൊഴിലാളികളുടെ മുഖത്തുണ്ടായിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന മാധ്യമപ്രവരുടെ പ്രതീക്ഷയും അസ്ഥാനത്തായി. 10 മിനുട്ടില്‍ താഴെ മാത്രമാണ്  മോദി തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് കരുതിയവര്‍ക്കും നിരാശയായിരുന്നു ഫലം.  ചോദ്യോത്തരത്തിന് അവസരമുണ്ടോ എന്ന് കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി മോദിയോട് ചോദിച്ചപ്പോള്‍ പിന്നെ പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. പിന്നീട് ഗുജറാത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്കടുത്തേക്ക് നീങ്ങിയ മോദി അവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. കുഴപ്പമൊന്നുമില്ളെന്ന് മറുപടി. ‘സര്‍ ഞങ്ങള്‍ എപ്പോഴെങ്കിലും നാട്ടില്‍പോകുമ്പോള്‍ വാങ്ങുന്ന സ്വര്‍ണം നാട്ടില്‍ കസ്റ്റംസുകാര്‍ പിടിക്കുന്നു എന്ന് ഒരാള്‍ പരാതി ഉന്നയിച്ചു. ‘അതിന് നികുതിയടച്ചാല്‍ പോരെ’ എന്നായിരുന്നു മോദിയുടെ തമാശ കലര്‍ന്ന മറുപടി. മോദി പെട്ടെന്ന് പോയെങ്കിലും അദ്ദേഹത്തെ കാണാനും സംസാരിക്കാനും  അവസരം ലഭിച്ച തൊഴിലാളികളോട് സംഭവം ചോദിച്ചറിയാനായി  ഹാളിന് പുറത്ത് മറ്റു തൊഴിലാളികളുടെ തിരക്കായിരുന്നു. മോദി വരുന്ന വഴികളിലും തൊഴിലാളികള്‍ കാത്തുനിന്നു.  പ്രധാനമന്ത്രിയെ കാണാനും കൈകൊടുക്കാനും സാധിച്ചതിന്‍െറ ആഹ്ളാദം പല തൊഴിലാളികളും വാര്‍ത്താലേഖകരോട് പങ്കിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.