ഹീറോ സൈക്കിള്‍സ് സ്ഥാപകന്‍ ഒ.പി മുഞ്ജല്‍ വിടവാങ്ങി

ലുധിയാന: ഹീറോ ഗ്രൂപ് സ്ഥാപകരിലൊരാളും ഹീറോ സൈക്കിള്‍സ് എമിരറ്റസ് ചെയര്‍മാനുമായ പ്രമുഖ വ്യവസായി ഒ.പി മുഞ്ജല്‍ നിര്യാതനായി. വ്യാഴാഴ്ച ലുധിയാന ഡി.എം.സി ഹീറോ ഹാര്‍ട്ട് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മാസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്ന മുഞ്ജല്‍ അടുത്തിടെയായി വ്യവസായരംഗത്തുനിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മകന്‍ പങ്കജ് ചുമതലയേറ്റിരുന്നു.

സഹോദരന്മാരായ ബ്രിജ്മോഹന്‍ ലാല്‍, ദയാനന്ദ്, സത്യാനന്ദ് എന്നിവര്‍ക്കൊപ്പം 1944 ലാണ് ഹീറോ ഗ്രൂപ് തുടങ്ങുന്നത്. സൈക്കിള്‍ സ്പെയര്‍ പാര്‍ട്ട് വില്‍പനയുമായി തുടക്കം കുറിച്ച വ്യവസായം 1956ല്‍ രാജ്യത്തെ ആദ്യ സൈക്കിള്‍ നിര്‍മാണ ഫാക്ടറിയിലേക്ക് വളര്‍ന്നു. 1980കളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ നിര്‍മിച്ച കമ്പനിയായിരുന്നു ഹീറോ. വിവിധ മേഖലകളിലേക്ക് വേരുപടര്‍ത്തിയ കമ്പനി ആറു പതിറ്റാണ്ടിനകം 3,000 കോടി ആസ്തിയുള്ള വന്‍വ്യവസായമായി മാറി.

ദേശീയ സൈക്കിള്‍ നിര്‍മാണ അസോസിയേഷന്‍ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച മുഞ്ജല്‍ അറിയപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. മകനും നാലു പെണ്‍മക്കളുമുണ്ട്. സംസ്കാരം വെള്ളിയാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.