യു.എ.ഇ സന്ദര്‍ശനം: ഊര്‍ജ, വ്യാപാര ബന്ധം വര്‍ധിപ്പിക്കാമെന്ന് പ്രതീക്ഷ –മോദി

ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലുമായുള്ള ബന്ധം അന്താരാഷ്ട്ര തലത്തില്‍ കേന്ദ്രസര്‍ക്കാറിന് നല്‍കുന്ന ‘മുഖച്ഛായ’ക്ക് മാറ്റം പ്രതീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പിറ്റേന്ന് ഗള്‍ഫിലേക്ക് സൗഹൃദ സന്ദര്‍ശനത്തിന് പറക്കുന്നു. 34 വര്‍ഷത്തിനു ശേഷം യു.എ.ഇയുടെ മണ്ണിലിറങ്ങുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഊര്‍ജ, വ്യാപാരരംഗങ്ങളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയെ മെച്ചപ്പെട്ട വ്യവസായ കേന്ദ്രമെന്ന നിലയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് മോദി ചൂണ്ടിക്കാട്ടി. 25 ലക്ഷത്തോളം പ്രവാസികളാണ് യു.എ.ഇയിലുള്ളത്. പ്രവാസി സമൂഹവുമായുള്ള കൂടിക്കാഴ്ചക്ക് പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കാന്‍ ഒരു വാക്കും മതിയാവില്ല. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലെ ബന്ധത്തിന് ഉണര്‍വു പകരാന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി പറഞ്ഞു. ആദ്യം അബൂദബിയിലാണ് മോദി എത്തുന്നത്. തൊട്ടടുത്ത ദിവസം ദുബൈയില്‍. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എ.ഇയില്‍ കാര്‍ബണ്‍മുക്ത നഗരമായ മസ്ദര്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. രണ്ടിടങ്ങളിലും ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനു പുറമെ ദുബൈ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നടത്തിയതിനു സമാനമായ പൊതുപരിപാടിയാണ് ലക്ഷ്യമിടുന്നത്. ആര്‍.എസ്.എസിന്‍െറ കണ്ണികള്‍ പ്രയോജനപ്പെടുത്തിയാണ് വന്‍കിട സമ്മേളനത്തിന് ഒരുക്കം നടക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.