പാര്‍ലമെന്‍റ് നടത്തിക്കാന്‍ കോര്‍പറേറ്റുകളുടെ ഓണ്‍ലൈന്‍ കാമ്പയിന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നടത്തിക്കൊണ്ടുപോകാന്‍ എം.പിമാരോട് ആവശ്യപ്പെടുന്ന കോര്‍പറേറ്റുകളുടെ ഓണ്‍ലൈന്‍ കാമ്പയിനെ ചൊല്ലി ഭരണപക്ഷ- പ്രതിപക്ഷ നേതാക്കള്‍ രാജ്യസഭയില്‍ ‘ഏറ്റുമുട്ടി’. എന്‍.ഡി.എ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് കോര്‍പറേറ്റുകളാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് പറഞ്ഞ പ്രതിപക്ഷം, പാര്‍ലമെന്‍റിനെ ചോദ്യം ചെയ്യാന്‍  കോര്‍പറേറ്റുകള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ചത് ധനമന്ത്രി അടക്കമുള്ളവരെ പ്രകോപിപ്പിച്ചു. പാര്‍ലമെന്‍റിനെ അവമതിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന കോണ്‍ഗ്രസിന്‍െറ ആവശ്യം ചെയര്‍മാന്‍ അംഗീകരിച്ചില്ല.   
ബുധനാഴ്ച രാവിലെ  ശരദ് യാദവാണ് വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പാര്‍ലമെന്‍റ് നടത്തിക്കൊണ്ടുപോകാന്‍ എം.പിമാരോട് കോര്‍പറേറ്റുകള്‍ ആവശ്യപ്പെടുന്ന തലത്തിലേക്ക് കാര്യങ്ങളത്തെിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഓണ്‍ലൈന്‍ കാമ്പയിനോടെ എന്‍.ഡി.എ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് കോര്‍പറേറ്റുകളാണെന്ന് വ്യക്തമായെന്ന് യാദവ് തുടര്‍ന്നു. പാര്‍ലമെന്‍റിനെ ചോദ്യം ചെയ്യാന്‍  കോര്‍പറേറ്റുകള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ശരദ് യാദവ് ചോദിച്ചതോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ക്ഷുഭിതനായി എഴുന്നേറ്റു. ‘രാജ്യത്തെ സാധാരണക്കാരും ഇതുതന്നെയല്ളേ ആഗ്രഹിക്കുന്നത്’ എന്നദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്തവര്‍ക്ക് പാര്‍ലമെന്‍റ് നടന്നുകാണണമെന്ന് ആഗ്രഹമില്ളേ എന്നും ജെയ്റ്റ്ലി ചോദിച്ചു.
ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് 12ന് ചേര്‍ന്നപ്പോള്‍ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിക്ക് മുമ്പാകെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അവകാശലംഘന പ്രശ്നമെന്ന നിലയില്‍ വിഷയം അവതരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വിയും രവിശങ്കര്‍ പ്രസാദും ഇതിനെ ശക്തമായി എതിര്‍ത്തു. നടപടിക്കില്ളെന്ന് ഹാമിദ് അന്‍സാരി വ്യക്തമാക്കുകയും ചെയ്തു.
രാഹുല്‍ ബജാജ്, ക്രിസ് ഗോപാലകൃഷ്ണന്‍, അദി ഗോദ്റെജ്, കിരണ്‍ മജുംദാര്‍, പവന്‍ മുഞ്ചല്‍ തുടങ്ങിയ കോര്‍പറേറ്റുകളാണ് വ്യവസായ രംഗത്തും മറ്റുമുള്ള 15,000 പ്രമുഖരുടെ ഒപ്പ് ശേഖരിച്ച് എം.പിമാര്‍ക്ക് അയക്കാന്‍ കാമ്പയിന്‍ തുടങ്ങിയത്. പാര്‍ലമെന്‍റിലെ പ്രക്ഷോഭങ്ങള്‍ ആരും കേള്‍ക്കാത്തതല്ല എന്ന് തുടങ്ങുന്ന ഓണ്‍ലൈന്‍ പരാതി സ്തംഭനങ്ങള്‍ ഒരിക്കലും പതിവാകാന്‍ പാടില്ളെന്ന് എം.പിമാരെ ഓര്‍മിപ്പിക്കുന്നു. പാര്‍ലമെന്‍റ് കുഴഞ്ഞാല്‍ ജനാധിപത്യം ദുര്‍ബലമാകും. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിലാണ് രാഷ്ട്രീയാധികാരങ്ങള്‍ വീതിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇരുകൂട്ടര്‍ക്കുമുണ്ട്. രാഷ്ട്രീയ സമവായമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ഏറ്റവും മികച്ച പ്രായോഗിക സമീപനമെന്നും ഓണ്‍ലൈന്‍ പരാതി ഓര്‍മിപ്പിക്കുന്നു.  വന്‍ വ്യവസായികള്‍ക്ക് ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. അതിനുപിറകെയാണ് വ്യവസായികളുടെ ഇംഗിതത്തിനനുസരണമായി രാജ്യം മുഴുവന്‍ ഏകീകൃത നികുതിയാക്കാനുള്ള ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ കഴിയാതെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച സമാപിക്കുന്നത്.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നിരവധി സെഷനുകള്‍ പാര്‍ലമെന്‍റിന് നഷ്ടപ്പെട്ടപ്പോള്‍ കോര്‍പറേറ്റുകള്‍ എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. പാര്‍ലമെന്‍റ് അവരുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങണമെന്നാണോ അവര്‍ കരുതുന്നതെന്ന് ചോദിച്ച തിവാരി, ഇപ്പോഴുള്ളത് കോര്‍പറേറ്റ് പാര്‍ലമെന്‍റാണോ എന്ന് പരിഹസിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.