ദയാനിധി മാരന്‍െറ അറസ്റ്റിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്

ന്യൂഡല്‍ഹി: അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്. സെപ്റ്റംബര്‍ 14 വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുള്ളത്. മാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിന് സി.ബി.ഐയെ ഉപയോഗിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടീസയച്ചു.

മൂന്നു ദിവസത്തിനുള്ളില്‍ സി.ബി.ഐക്ക് കീഴടങ്ങി അന്വേഷണവുമായി സഹകരിക്കണമെന്ന മദ്രാസ് ഹൈകോടതി നിര്‍ദേശത്തിനാണ് സുപ്രീംകോടതിയുടെ സ്റ്റേ. ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍ സി.ബി.ഐ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പാണ് മദ്രാസ് ഹൈകോടതി ജഡ്ജി ആര്‍. സുബ്ബയ്യ ആറാഴ്ചത്തെ ജാമ്യം മാരന് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്രവും കേസ് അന്വേഷിക്കുന്ന സി.ബി.ഐയും മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഡി.എം.കെ നേതാവും സണ്‍ ടി.വി ഗ്രൂപ് ഉടമയുമായ ദയാനിധി മാരന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ടെലികോം മന്ത്രിയായിരുന്നു. ചെന്നൈയിലെ സ്വന്തം വീടും സണ്‍ ടെലിവിഷന്‍ ഓഫിസും പരസ്പരം ബന്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്‍െറ 300 ലാന്‍ഡ് ലൈനുകള്‍ വ്യവസായികാവശ്യത്തിന് ഉപയോഗിച്ചെന്നാണ് കേസ്. അധികാര ദുര്‍വിനിയോഗവും ബി.എസ്.എന്‍.എല്ലിന് കോടികളുടെ നഷ്ടവും മാരന്‍ വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 2011ല്‍ അന്വേഷണം തുടങ്ങിയ ആരോപണത്തില്‍ 2013ലാണ് കേസെടുത്തത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാരന്‍ അറസ്റ്റ് ഭീഷണിയിലായി.

ജൂലൈ ആദ്യവാരം ഡല്‍ഹിയില്‍ നടന്ന ചോദ്യംചെയ്യലിനിടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. തുടര്‍ന്ന് മദ്രാസ് ഹൈകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച മാരനെ ആറാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് ജൂണ്‍ 30ന് കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ നടന്ന ചോദ്യംചെയ്യലിനോട് സഹകരിച്ചില്ളെന്നും അധികാരം ദുര്‍വിനിയോഗം ചെയ്തതായുമുള്ള സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.