സബ്സിഡി നിരക്കില്‍ ഭൂമി; 27 ജഡ്ജിമാര്‍ക്ക് ഗുജറാത്ത് ഹൈകോടതി നോട്ടീസ് അയച്ചു

അഹ്മദാബാദ്: സംസ്ഥാനസര്‍ക്കാറില്‍നിന്ന് ഉയര്‍ന്ന സബ്സിഡി നിരക്കില്‍ ഭൂമി കൈപ്പറ്റിയ 27 ജഡ്ജിമാര്‍ക്ക് ഗുജറാത്ത് ഹൈകോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് ഹൈകോടതിയിലെ എട്ടു സിറ്റിങ് ജഡ്ജിമാര്‍, റിട്ടയേര്‍ഡ് ജഡ്ജിമാര്‍, ബോംബെ-ഒഡിഷ ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, ഒരു സുപ്രീംകോടതി ജഡ്ജി എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. 2007-2009ല്‍ തുച്ഛമായ വിലക്ക് ഭൂമി കൈപ്പറ്റിയതിനെ തുടര്‍ന്നാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്.
1.5 കോടി മുതല്‍ രണ്ടു കോടി രൂപവരെ വിലമതിക്കുന്ന ഭൂമി 20-25 ലക്ഷം രൂപക്ക് ജഡ്ജിമാര്‍ക്ക് നല്‍കിയതാണ് വിവാദമായത്. ജഡ്ജിമാര്‍ക്ക് ഭൂമി നല്‍കിയതില്‍ നിയമലംഘനമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമങ്ങള്‍ പാലിച്ചാണ് ഭൂമി കൈമാറിയതെന്ന് അഡ്വക്കേറ്റ് ജനറല്‍ കമാല്‍ ത്രിവേദി പറഞ്ഞു. ജഡ്ജിമാര്‍ക്ക് പുറമെ സംസ്ഥാന റവന്യൂ വകുപ്പ്, അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.