ദാവൂദിന്‍െറ കീഴടങ്ങല്‍ വാഗ്ദാനം യു.പി.എ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതായി വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യയില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം നല്‍കിയ വാഗ്ദാനം രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയില്‍ അഭിഭാഷകനുമായ വ്യക്തിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2013ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ മേനോനുമാണ് ദാവൂദിന്‍െറ വാഗ്ദാനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍. മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടാന്‍ ദാവൂദ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഏറെ അപകടം നിറഞ്ഞതായിരുന്നുവെന്ന അഭിപ്രായം ചില  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കുവെച്ചിരുന്നുവത്രെ. കിഡ്നിക്ക് ഗുരുതര അസുഖംബാധിച്ച ദാവൂദ് കുടുംബത്തിനൊപ്പം ഇന്ത്യയില്‍ കഴിയാന്‍ സന്നദ്ധനായിരുന്നു. ഇക്കാര്യം താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിഷയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസ് ചര്‍ച്ചക്കെടുത്തതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം മന്‍മോഹന്‍ സിങ്ങും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെയും നിഷേധിച്ചു. ദാവൂദില്‍നിന്ന് അത്തരത്തിലൊരു നിര്‍ദേശവും ലഭിച്ചിട്ടില്ളെന്ന് ഷിന്‍ഡെ പറഞ്ഞു. അതേസമയം, റിപ്പോര്‍ട്ടിന്‍െറ ആധികാരികതയില്‍ സംശയമുണ്ടെന്ന് മുംബൈ സിറ്റി പൊലീസ് കമീഷണറായിരുന്ന സത്യപാല്‍ സിങ് പറഞ്ഞു. കേസില്‍ വിചാരണ നേരിട്ട് ശിഷ്ടകാലം ഇന്ത്യന്‍ ജയിലില്‍ കഴിയാന്‍ ദാവൂദ് സന്നദ്ധനാകുമെന്നും തോന്നുന്നില്ല. അദ്ദേഹത്തെ ഇന്ത്യയിലേക്കുവിടാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ സമ്മതിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.