കോണ്‍ഗ്രസ് ദേശീയ ടി.വി ചാനല്‍ തുടങ്ങിയേക്കും


ന്യൂഡല്‍ഹി: ജയ്ഹിന്ദ് ടി.വി ദേശീയ ചാനലാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. മാറിയ കാലഘട്ടത്തില്‍ അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള പാര്‍ട്ടി തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജയ്ഹിന്ദ് ടി.വി ന്യൂഡല്‍ഹി ബ്യൂറോയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി. ആശയവിനിമയ മാധ്യമങ്ങള്‍ ശക്തമാണെങ്കിലും പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യുന്ന കാര്യങ്ങള്‍ വേണ്ടവിധം പ്രചരിപ്പിക്കാന്‍ സാധിക്കുന്നില്ല. രാഷ്ട്രീയ എതിരാളികള്‍ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നു. എതിരാളികളുടെ തെറ്റായ പ്രചാരണങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി പറയാനും നിലപാട് സ്വീകരിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.കെ. ജയലക്ഷ്മി, എം.പിമാരായ വയലാര്‍ രവി, പി. കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ.ഐ.സി.സി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ്സിങ് സുര്‍ജേവാല, ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി. ചാക്കോ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശോഭ ഓജ,  കെ.യു.ഡബ്ള്യു.ജെ ഡല്‍ഹി ഘടകം പ്രസിഡന്‍റ് പ്രശാന്ത് രഘുവംശം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.