ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വിമതരുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച സമാധാനക്കരാര്‍ വിവാദത്തില്‍. ചരിത്രപരമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിട്ടില്ല. നാഗാവിമത പ്രശ്നം നേരിട്ടു ബാധിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അറിയിക്കാതെ കരാര്‍ ഒപ്പുവെച്ചത് മോദിസര്‍ക്കാറിന്‍െറ അഹങ്കാരം തുറന്നുകാട്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വ്യവസ്ഥകള്‍ പുറത്തറിയിക്കാതെ കരാര്‍ ഒപ്പിട്ടത് അംഗീകരിക്കാന്‍ സാധ്യമല്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് നേതാക്കളും കേന്ദ്രസര്‍ക്കാറും കരാര്‍ ഒപ്പിട്ടത്. ചരിത്രപ്രധാനമായ പ്രഖ്യാപനം ഉടന്‍ നടക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തപ്പോള്‍ മാത്രമാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങിനെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാഗാജനത കൂടുതലുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന വിമതരുമായി വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ സമാധാനക്കരാറിനുള്ള ചര്‍ച്ചയിലാണ്. നാഗാ വിമതപ്രശ്നം നേരിട്ടു ബാധിക്കുന്ന മണിപ്പുര്‍, അസം, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിമാരെ കരാര്‍ സംബന്ധിച്ച് ഒന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടില്ളെന്ന് സോണിയ പറഞ്ഞു. അത് മുഖ്യമന്ത്രിമാരെ അവഹേളിക്കുന്ന നടപടിയാണ്. ഫെഡറല്‍ സംവിധാനത്തോടും പ്രസ്തുത സംസ്ഥാനങ്ങളിലെ ജനങ്ങളോടുമുള്ള പരിഹാസം കൂടിയാണെന്നും സോണിയ തുടര്‍ന്നു. മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ്് ഭരണകക്ഷി. അതുകൊണ്ടാണ് മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് കോണ്‍ഗ്രസിന്‍െറ ആക്ഷേപം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഒറ്റരാത്രികൊണ്ട് ആരെയും അറിയിക്കാതെ കരാര്‍ ഒപ്പിടുന്നത് ശരിയായ രീതിയല്ളെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കരാര്‍ ഒപ്പിട്ടശേഷമാണ് പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍പോലും വിവരമറിയുന്നത്. ഇത്തരം നടപടികള്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഏകാധിപത്യ പ്രവണതകളാണ് വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.