നരേന്ദ്ര മോദി ജയലളിതയെ വീട്ടിലത്തെി കണ്ടു; ലക്ഷ്യം രാഷ്ട്രീയം

ചെന്നൈ: വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനം. മദ്രാസ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ബുദ്ധിമുട്ടി പറഞ്ഞെടുത്ത തമിഴ് വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസ്സില്‍നിന്ന് ലഭിച്ചത്. ജയലളിത സര്‍ക്കാറിനെ പുകഴ്ത്തിയായിരുന്നു പ്രസംഗം. പരിപാടിക്കുശേഷം മോദി പ്രോട്ടോകോള്‍ മറികടന്ന് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ അവരുടെ വീട്ടിലത്തെി. അടച്ചിട്ട മുറിയില്‍ 45 മിനിറ്റ് ചര്‍ച്ച നടത്തി. ലോക്സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ 11 അംഗങ്ങളുമുള്ള അണ്ണാ ഡി.എം.കെയുടെ പിന്തുണ മോദി അഭ്യര്‍ഥിച്ചതായാണ് സൂചന. വിവാദ ഭൂമി ഏറ്റെടുക്കല്‍ ബില്ലിലും സാമ്പത്തിക പരിഷ്കരണ ബില്ലിലും പിന്തുണ അഭ്യര്‍ഥിച്ചു. ഇരു ബില്ലുകളിലും അണ്ണാ ഡി.എം.കെ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

10 മാസത്തിനിടെ നടക്കാന്‍ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുമായി സഖ്യമുണ്ടാക്കുന്നതിന്‍െറ മുന്നോടിയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും അണ്ണാ ഡി.എം.കെ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. ക്ഷയിച്ച ഡി.എം.കെയുമായി സഖ്യമാകുന്നത് ഗുണപ്രദമല്ളെന്ന് ബി.ജെ.പി കണക്കാക്കുന്നുണ്ട്. അതേസമയം, ജയലളിത അകറ്റിനിര്‍ത്തിയിരിക്കുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ ആരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല.  മോദിക്കൊപ്പം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം മധുരയില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങി.


2011ല്‍ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പങ്കെടുത്തിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈകോടതി കുറ്റമുക്തയാക്കിയപ്പോള്‍ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. എന്നാല്‍, അന്ന് ബി.ജെ.പി ഘടകം കര്‍ണാടക അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോദിയുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്നതുകൊണ്ടാണ് ജയലളിത നേരിട്ട് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്. എന്നാല്‍, കൈത്തറി സംഗമത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ഉച്ചക്ക് 1.30ഓടെ ജയലളിതയുടെ വസതിയില്‍നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മോദി തമിഴ് രാഷ്ട്രീയ നിരീക്ഷകനും തുഗ്ളക് പത്രാധിപരുമായിരുന്ന ചോ രാമസ്വാമിയെ സന്ദര്‍ശിച്ചു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.