തമിഴ്നാട്ടില്‍ ആയിരത്തിലധികം മദ്യഷോപ്പുകള്‍ പൂട്ടാന്‍ നീക്കം

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ മദ്യനിരോധ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ ആയിരത്തിലധികം മദ്യഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയലളിത ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും.
വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് എക്സൈസ് വകുപ്പിന്‍െറ കൂടി ചുമതലയുള്ള ആഭ്യന്തര സെക്രട്ടറി അപൂര്‍വ വര്‍മ സര്‍ക്കാറിന് സമര്‍പ്പിച്ചു. നേരത്തേ സംസ്ഥാന പൊലീസ് ഡി.ജി.പി അശോക് കുമാര്‍, ഇന്‍റലിജന്‍സ് ഐ.ജി ഡേവിഡ്സണ്‍ ദേവാശീര്‍വാദം എന്നിവരുമായി ആഭ്യന്തര സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിദ്യാലയങ്ങള്‍, ആരാധാനാലയങ്ങള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍ തുടങ്ങിയവക്ക് സമീപം പ്രവര്‍ത്തിക്കുന്നതും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം നടക്കുന്നതുമായ മദ്യഷോപ്പുകളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബാറുകള്‍ക്ക് പുറമെ 6,823 മദ്യ വില്‍പന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യഷോപ്പുകളുടെ പ്രവര്‍ത്തന സമയം കുറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനാണ് (ടാസ്മാക്) മദ്യ സംഭരണവും വിതരണവും നടത്തുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 23,401 കോടി രൂപയാണ് വിറ്റുവരവ്. ഷോപ്പിങ് കോംപ്ളക്സുകളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളും അടച്ചുപൂട്ടില്ല.
മദ്യനിരോധവുമായി ബന്ധപ്പെട്ടുള്ള സമരങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുന്നത് തടയിടാനാണ് ജയലളിത ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഇതിനിടെ, മദ്യവിരുദ്ധ സമരനായകന്‍ ശശിപെരുമാളിന്‍െറ മൃതദേഹം വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ സമ്മതിച്ചത്.
സംസ്കാരം വെള്ളിയാഴ്ച നടക്കും. കഴിഞ്ഞ നാലുദിവസത്തിനിടെ 52 മദ്യഷോപ്പുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സേലത്ത് പ്രക്ഷോഭത്തിനിടെ നടന്ന ബോംബേറില്‍ ഷോപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.