ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചതിനിടെ, കേസ് നിലവിലുള്ള ബെഞ്ചില്‍നിന്ന് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍െറ അപേക്ഷ സുപ്രീംകോടതി ഉത്തരവിനായി   മാറ്റി. ആധാറും സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ നിലപാട് സ്വീകരിച്ചതിനിടെയാണ് ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്.
സ്വകാര്യത മൗലികാവകാശമല്ളെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ചെലമേശ്വറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച്, ഒരു മനുഷ്യന്‍ അവന്‍െറ വീട്ടില്‍പോലും സുരക്ഷിതനല്ളെങ്കില്‍ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദത്തില്‍ പിന്നെന്താണ് ബാക്കിയുള്ളതെന്ന് ചോദിച്ചു. എന്താണ് പിന്നെ സ്വാതന്ത്ര്യം?. സ്വകാര്യത അവകാശമല്ളെന്ന വാദമേ ശരിയല്ല. ഇത് തങ്ങള്‍ക്ക് സ്വീകാര്യമല്ളെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
 കോടതിയുടെ ഈ വിമര്‍ശത്തിന് പിറകെയാണ് ബെഞ്ച് മാറ്റണമെന്ന വാദം കേന്ദ്രസര്‍ക്കാര്‍  ശക്തമാക്കിയത്. ജനങ്ങളുടെ നീക്കം നിരീക്ഷണത്തിലാക്കുന്നതും സംശയിക്കുന്ന ഒരാളുടെ വീടിന് പൊലീസ് കാവല്‍ നില്‍ക്കുന്നതും ഭരണഘടനയുടെ 21ാം അനുച്ഛേദത്തിലെ ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തില്‍പെടുത്താന്‍ കഴിയില്ളെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. 21ാം അനുച്ഛേദത്തില്‍ സ്വകാര്യത അനുവദിച്ചിട്ടില്ല.
മുമ്പൊരിക്കല്‍ ഒരു എട്ടംഗ ബെഞ്ചും പിന്നീട് അഞ്ചംഗ ബെഞ്ചും സ്വകാര്യത മൗലികാവകാശമല്ളെന്ന് വിധിച്ചിട്ടുണ്ടെന്നും റോത്തഗി ബോധിപ്പിച്ചു.
അതിനുശേഷം 70കളിലാണ് അതിലും ചെറിയ ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശമാണെന്ന വിധികള്‍ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനാല്‍, ഈ വിഷയവും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു റോത്തഗിയുടെ വാദം.
 അതേസമയം, സുപ്രീംകോടതി വിമര്‍ശിച്ച ശേഷവും സ്വകാര്യത മൗലികാവകാശമല്ളെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്  അറ്റോണി ജനറല്‍ വ്യാഴാഴ്ചയും സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു.
സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ആധാര്‍ പദ്ധതി ശക്തമായി കൊണ്ടുപോകാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയതാണെന്നും ഇക്കാര്യം ഭരണഘടനാ ബെഞ്ചിന് വിടേണ്ട കാര്യമില്ളെന്നും മൂന്നംഗ ബെഞ്ച് തീര്‍പ്പുകല്‍പിച്ചാല്‍ മതിയെന്നും ഹരജിക്കാര്‍ വാദിച്ചു. ഇതേതുടര്‍ന്നാണ് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന കാര്യം വിധിപറയാന്‍ മൂന്നംഗ ബെഞ്ച് മാറ്റിവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.