വിദേശ ഇന്ത്യക്കാര്‍ക്കും ആധാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നല്‍കുന്നതിന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി നടപടി തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.

പ്രവാസികള്‍, വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍ എന്നിങ്ങനെ രാജ്യത്തിനു പുറത്തു കഴിയുന്ന വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ആധാര്‍ നല്‍കി, എവിടെവെച്ചും സാക്ഷ്യപ്പെടുത്താവുന്ന ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതിനാണ് പദ്ധതി. വിദേശ ഇന്ത്യക്കാര്‍ 1.13 കോടി കവിയും. അവരില്‍ ബഹുഭൂരിപക്ഷത്തിനും ആധാറിന് അര്‍ഹതയുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ ജി. ഹരിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് പൊലീസുകാര്‍ക്കു പകരം പോസ്റ്റ്മാനെ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
അപേക്ഷകന്‍െറ വ്യക്തിപരമായ വിവരങ്ങള്‍, ദേശീയത, തിരിച്ചറിയല്‍, ജീവിത പശ്ചാത്തലം എന്നിവയുടെ കാര്യത്തില്‍ പോസ്റ്റ്മാന്‍െറ സേവനം പ്രയോജനപ്പെടുത്താം. അടിസ്ഥാന വെരിഫിക്കേഷന് പോസ്റ്റ്മാന്‍െറ സേവനം ഉപയോഗപ്പെടുത്തുന്ന വിഷയം പ്രാരംഭ പരിഗണനാ ഘട്ടത്തിലാണെന്ന് എം.ഐ. ഷാനവാസിനെ മന്ത്രി വി.കെ. സിങ് അറിയിച്ചു.

പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ സംവിധാനം പ്രായോജനപ്പെടുത്തി അപേക്ഷകന്‍െറ വ്യക്തിവിവരങ്ങള്‍ പൊലീസ് വെരിഫിക്കേഷന് പ്രയോജനപ്പെടുത്താം. കുറ്റകൃത്യ നിരീക്ഷണ ശൃംഖലാ സംവിധാനവുമായി ഇതിനെ ബന്ധപ്പെടുത്തി പരിശോധിക്കാനുമാകും. എന്നാല്‍, നിര്‍ദിഷ്ട പദ്ധതിക്ക് ഇനിയും നടപടികള്‍ മുന്നോട്ടു നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.