മുംബൈ: കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മുന്‍ കമീഷണര്‍ ലളിത് മോദിക്കെതിരെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ അപേക്ഷ പ്രകാരം പ്രത്യേക കോടതി ജഡ്ജി പി.ആര്‍. ഭവാകെയാണ് ബുധനാഴ്ച വാറന്‍റ് പുറപ്പെടുവിച്ചത്. ഒരാഴ്ച നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് വാറന്‍റിന് കോടതി അനുമതി നല്‍കിയത്. വാറന്‍റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, മോദി കഴിയുന്ന ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കും.
അന്വേഷണം ആരംഭിച്ചതുമുതല്‍ മോദി ലണ്ടനിലാണ്. ഒരാഴ്ച മുമ്പാണ് അന്വേഷണത്തില്‍ സഹകരിക്കാതെ ഒഴിഞ്ഞുമാറുന്ന മോദിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കണമെന്ന ഹരജിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ സമീപിച്ചത്. നിലവില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ലളിത് മോദിയെ കുറ്റക്കാരനായി കാണാനോ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കാനോ കഴിയില്ളെന്ന നിലപാടായിരുന്നു കോടതിക്ക്. മോദിക്കെതിരെ അന്വേഷണം നടന്നുവരുകയാണെന്നു വ്യക്തമാക്കിയ പ്രോസിക്യൂഷന്‍, അന്വേഷണത്തിനിടെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി ലളിത് മോദിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കാന്‍ തയ്യാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.