ബി.ജെ.പി എം.പിക്കെതിരെ വനിതാ എം.പിമാരുടെ പരാതി


ന്യൂഡല്‍ഹി:  ലോക്സഭയിലെ  ബഹളത്തിനിടെ ബി.ജെ.പി എം.പി അധിക്ഷേപിച്ചെന്ന് അഞ്ച് വനിതാ എം.പിമാര്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കി.  
തെക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേഷ് ബിധുരിക്കെതിരെയാണ് പരാതി. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ നിന്നുള്ള പി.കെ. ശ്രീമതി, അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ്, എന്‍.സി.പിയുടെ സുപ്രിയ സുലെ, തൃണമൂല്‍ എം.പി അര്‍പിത ഘോഷ് എന്നിവര്‍ കക്ഷി ചേരുകയായിരുന്നു.  തിങ്കളാഴ്ച  25 എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ സഭയിലുണ്ടായ ബഹളത്തിനിടെ ബിധുരി ലൈംഗിക ചുവയോടെ അധിക്ഷേപിച്ചെന്നാണു  പരാതി. ഇതിനു മുമ്പും ബിധുരി സഭയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ പലകുറി ആക്രോശവുമായി രംഗത്തുവന്ന രമേശ് ബിധുരിയെ മറ്റ് ബി.ജെ.പി നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മൂന്നു തവണ എം.പിയായിട്ടുള്ള താന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ളെന്നും വേണമെങ്കില്‍ സഭാരേഖകള്‍ പരിശോധിക്കാവുന്നതാണെന്നും ബിധുരി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.