സ്പീക്കര്‍ വിമര്‍ശിക്കപ്പെടുന്നു


ന്യൂഡല്‍ഹി: നടുത്തളത്തില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിന് എം.പിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടി ബി.ജെ.പി സര്‍ക്കാറിനെയും ലോക്സഭാ സ്പീക്കറെയും പ്രതിക്കൂട്ടിലാക്കി. മറുവശത്ത്, പ്രതിപക്ഷ പാര്‍ട്ടികളെ കൂടുതല്‍ ഒന്നിപ്പിക്കുകയും ചെയ്തു.
മന്ത്രിമാരുടെ രാജിയാവശ്യത്തിന് വഴങ്ങില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബി.ജെ.പിയും സര്‍ക്കാറും, സഭയില്‍ കരുത്തുകൊണ്ട് പ്രതികാര രാഷ്ട്രീയം കളിക്കുകയെന്ന വഴിയാണ് തെരഞ്ഞെടുത്തത്. ഇതുകൊണ്ട് സമാധാനാന്തരീക്ഷം ഉണ്ടാവുകയല്ല, പാര്‍ലമെന്‍റ് കൂടുതല്‍ കലങ്ങുകയാണ് ചെയ്തത്.
ഭരണ-പ്രതിപക്ഷങ്ങള്‍ ശത്രുതാ മനോഭാവത്തിലുമായി. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ അവഗണിക്കുന്നതാണ് പ്രതിപക്ഷത്തിന്‍െറ പതിവുവിട്ട പ്രതിഷേധത്തിന് കാരണം. എന്നാല്‍, നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍ക്കാറിന്‍െറ ഏകാധിപത്യ പ്രവണതക്ക് കൂട്ടുനില്‍ക്കുന്നുവെന്ന കടുത്ത വിമര്‍ശമാണ് ഉയരുന്നത്.
2ജി വിഷയം കത്തിനിന്ന 2010ല്‍ പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി പൂര്‍ണമായി സ്തംഭിപ്പിച്ചിരുന്നു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള വേദികൂടിയാണ് പാര്‍ലമെന്‍റ് എന്നായിരുന്നു അന്ന് പ്ളക്കാര്‍ഡുമായി നടുത്തളത്തില്‍ പ്രതിഷേധിച്ച ബി.ജെ.പിയുടെ വിശദീകരണം. മന്ത്രിമാരുടെ രാജി ആവശ്യമുന്നയിക്കുന്ന കോണ്‍ഗ്രസും മറ്റും ഇപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പിക്ക് മറുപടി നല്‍കുന്നു.
ഇതിനിടയിലാണ് സപീക്കര്‍ സുമിത്ര മഹാജന്‍ അച്ചടക്ക നടപടിയെടുത്തത്.
ഇത്രത്തോളം എം.പിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സംഭവം സഭാചരിത്രത്തില്‍ തന്നെയില്ല. നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഭരണപക്ഷം നീങ്ങുമ്പോള്‍, അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് സ്പീക്കറുടെ നടപടിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.