ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും വന്‍ ഖനനങ്ങളും നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പൊതുജനങ്ങളുടെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും നിലപാടുകളും പരാതികളും പരിശോധിച്ച് സെപ്റ്റംബര്‍ ഒമ്പതിനകം അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിന് മുന്നോടിയായി വിളിച്ച പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ എം.പിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമി, തോട്ടം മേഖല എന്നിവയെയും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്നും പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള മണല്‍, പാറ ഖനനത്തെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും പശ്ചിമഘട്ട മേഖലയിലെ എം.പിമാര്‍ ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള 22 എം.പിമാരാണ് വനം-പരിസ്ഥിതി മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ബാക്കിയുള്ള എം.പിമാരുടെ അഭിപ്രായം കേള്‍ക്കാന്‍ അടുത്തയാഴ്ച വീണ്ടും യോഗംചേരുമെന്ന് മന്ത്രി പറഞ്ഞു. ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമി, തോട്ടംമേഖലകളെയും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വിശദമായ രീതിയില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത് കേരളമാണ്. ഗോവയും നിലപാട് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാന്‍ അന്തിമ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരിസ്ഥിതിലോല പ്രദേശമായി തെരഞ്ഞെടുത്ത കേരളത്തിലെ 123 വില്ളേജുകളുടെ വനംവകുപ്പ് സമര്‍പ്പിച്ച ഭൂപടം അംഗീകരിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ഭൂപടവും മാത്രമേ അംഗീകരിക്കാവൂ എന്നും എം.ഐ. ഷാനവാസ് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.