കുര്യനും ജെയ്റ്റ്ലിയും ഒത്തു; പരാതിയുമായി കോണ്‍ഗ്രസ് അന്‍സാരിയെ കണ്ടു

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജിന്  രാജ്യസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. സുഷമ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിയോട് പരാതിപ്പെട്ടതോടെ സുഷമ നടത്തിയത് പ്രസ്താവനയല്ളെന്നും പ്രതികരണമായിരുന്നുവെന്നും കുര്യന്‍ റൂളിങ് നല്‍കി. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയ മുതല്‍ സുഷമ രാജിവെച്ച ശേഷം ലളിത് മോദി വിവാദത്തില്‍ ചര്‍ച്ച എന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് കൈക്കൊണ്ടിരുന്നത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി കൂടിയായ പി.ജെ. കുര്യന്‍ ചെയറിലിരിക്കേ കേന്ദ്ര വിദേശകാര്യ മന്ത്രി സഭയില്‍ പ്രസ്താവന നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചെങ്കിലും തടയാതിരുന്ന പി.ജെ. കുര്യന്‍ സുഷമ സംസാരിക്കട്ടെ എന്ന നിലപാടിലായിരുന്നു.  
ബഹളത്തിനിടയിലും പരമാവധി ശബ്ദത്തില്‍ തന്‍െറ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ച സുഷമ ലളിത് മോദിയുടെ യാത്രാരേഖകള്‍ ശരിയാക്കാന്‍  ബ്രിട്ടീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ളെന്ന് അവകാശപ്പെട്ടു.
സുഷമ സംസാരിച്ച ശേഷം പി.ജെ. കുര്യന്‍ സഭ നിര്‍ത്തിവെച്ചപ്പോഴാണ്  കോണ്‍ഗ്രസ് എം.പിമാര്‍ പരാതിയുമായി രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിയെ കണ്ടത്. ചട്ടപ്രകാരമല്ലാത്ത പ്രസ്താവന അംഗീകരിക്കില്ളെന്ന് ഹാമിദ് അന്‍സാരി ഉറപ്പുനല്‍കിയതായി പിന്നീട് കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇതിനുശേഷം ഉച്ചക്ക് രാജ്യസഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, പ്രമോദ് മഹാജന്‍, മധുസൂദനന്‍ മിസ്ത്രി എന്നിവര്‍ എഴുന്നേറ്റുനിന്ന് സുഷമ നടത്തിയത് പ്രസ്താവനയാണോയെന്ന് വ്യക്തമാക്കണമെന്ന് കുര്യനോട് ആവശ്യപ്പെട്ടു. സുഷമയുടെ പ്രസ്താവനയെന്ന നിലയില്‍ ധനമന്ത്രി സഭക്ക് പുറത്തും ഇതവതരിപ്പിച്ചുവെന്നും ഈ വിഷയത്തില്‍ സെക്രട്ടറി ജനറല്‍ മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.  
പത്ത് ദിവസമായി ഒരു മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ അവകാശമുണ്ടെന്ന് ജെയ്റ്റ്ലി പ്രതികരിച്ചു.
തുടര്‍ന്ന് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ സുഷമ നടത്തിയത് പ്രസ്താവനയല്ളെന്നും പ്രതികരണമാണെന്നും അതിന് സുഷമക്ക് അവകാശമുണ്ടെന്നും കുര്യന്‍ മറുപടി നല്‍കി. കുര്യന്‍െറ മറുപടിയില്‍ കയറിപ്പിടിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തനിക്കെതിരെ സംസാരിച്ചപ്പോള്‍ കുര്യന്‍ എന്തുകൊണ്ട് തന്‍െറ അവകാശം വകവെച്ചു തന്നില്ളെന്ന് ചോദിച്ചു.
ആനന്ദ് ശര്‍മ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വായിച്ച് ചട്ടലംഘനം നടത്തിയപ്പോഴും എന്തുകൊണ്ട് അവകാശം അനുവദിച്ചില്ളെന്നുകൂടി യെച്ചൂരി ചോദിച്ചപ്പോള്‍ മറുപടിയില്ലാതെ കുര്യന്‍ കുഴങ്ങി. പിന്നീട് ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.