മുംബൈ: ആഗ്രയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ ‘കശ്മീര്‍ ബസാറില്‍’നിന്ന് നവിമുംബൈ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തിയത് 21 പെണ്‍കുട്ടികളെ. വേശ്യാലയ ഉടമയായ സ്ത്രീയെയും മൂന്ന് ദല്ലാളുമാരെയും അറസ്റ്റ് ചെയ്തു. സദാസമയവും ആയുധധാരികള്‍ കാവല്‍നില്‍ക്കുന്ന ‘കശ്മീര്‍ ബസാറി’ല്‍ ആദ്യമായാണ് ഇങ്ങനെയൊരു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തട്ടിയെടുക്കപ്പെട്ടവരോ ദല്ലാളുമാരുടെ കെണിയില്‍ വീണവരോ ആയ 11നും 14നുമിടയില്‍ പ്രായമുള്ളവരാണ് രക്ഷിക്കപ്പെട്ട പെണ്‍കുട്ടികള്‍. അഞ്ചു പേര്‍ മഹാരാഷ്ട്രയില്‍നിന്നും മറ്റുള്ളവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവരാണ്.
2007ല്‍ നവിമുംബൈയിലെ നെരൂളില്‍നിന്ന് കാണാതായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍െറ നീക്കം. ആഗ്രയിലെ വേശ്യാലയത്തില്‍നിന്ന് നവിമുംബൈക്കാരനായ യുവാവ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചത്തെിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. നിരവധി മറാത്തി പെണ്‍കുട്ടികള്‍ അവിടെ തടവില്‍ കഴിയുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതോടെ പൊലീസ് ദൗത്യമാരംഭിച്ചു. ആദ്യം സന്ദര്‍ശകര്‍ എന്ന വ്യാജേന കശ്മീര്‍ ബസാറില്‍ എത്തിയ ടീം പിന്നീട് ആഗ്ര പൊലീസിന്‍െറ സഹായത്തോടെ പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.
15 മിനിറ്റിനകം ദൗത്യം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്ര പൊലീസ് നവിമുംബൈ പൊലീസിന് നല്‍കിയ നിര്‍ദേശം. ഇടുങ്ങിയ ഗല്ലികളിലാണ് ‘കശ്മീര്‍ ബസാര്‍ ’എന്നത് ആശങ്കയുണ്ടാക്കിയെന്നും ഗല്ലികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് പൊലീസ് വാഹനങ്ങള്‍ നിര്‍ത്താനായതെന്നും ദൗത്യത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.