‘ശിക്ഷ ജ്യേഷ്ഠന്‍െറ തെറ്റിനെങ്കില്‍ സ്വീകാര്യം’

മുംബൈ: ‘ജ്യേഷ്ഠന്‍ ചെയ്ത തെറ്റിനാണ് ശിക്ഷിക്കുന്നതെങ്കില്‍ അംഗീകരിക്കുന്നു. അതല്ല; ഞാന്‍ കുറ്റക്കാരനെന്നു കരുതിയാണ് അവര്‍ എന്നെ ശിക്ഷിക്കുന്നതെങ്കില്‍ അത് തെറ്റാണ്. ഞാന്‍ നിരപരാധിയാണ്’; സുലൈമാന്‍ മേമന്‍െറ കാതുകളിലിപ്പോഴുമുണ്ട് അനുജന്‍ യാക്കൂബ് മേമന്‍െറ അവസാന വാക്കുകള്‍. തൂക്കുകയറില്‍നിന്ന് യാക്കൂബിനെ രക്ഷിക്കാന്‍ നിയമയുദ്ധത്തിലേര്‍പ്പെട്ട സുലൈമാന്‍ ബുധനാഴ്ച രണ്ടുതവണയാണ് ജയിലില്‍ യാക്കൂബിനെ കണ്ടത്. രണ്ടാം ദയാഹരജിയും രാഷ്ട്രപതി തള്ളിയയെന്ന ദു$ഖവാര്‍ത്തയുമായി രാത്രി ചെന്നപ്പോഴായിരുന്നു യാക്കൂബിന്‍െറ ഏറ്റുപറച്ചില്‍.
സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരകരില്‍ ഒരാളായ ജ്യേഷ്ഠന്‍ ടൈഗര്‍ മേമനെ തുറന്നുകാട്ടി കേസില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ രക്ഷിക്കുകയായിരുന്നു യാക്കൂബിന്‍െറ ലക്ഷ്യമെന്ന് മേമന്‍ കുടുംബവൃത്തങ്ങള്‍ പറഞ്ഞു. കീഴടങ്ങല്‍ സോപാധികമായിരുന്നുവെന്നും എന്നാല്‍, വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും അവര്‍ ആരോപിച്ചു.

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയെയും ടൈഗര്‍ മേമനെയും തുറന്നുകാട്ടുന്ന വിഡിയോ, ഓഡിയോ പകര്‍പ്പുകളും പ്രധാന രേഖകളുമായാണ് യാക്കൂബ് 1994 ജൂലൈയില്‍ കീഴടങ്ങിയത്.1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുപിന്നാലെ മുംബൈയിലുണ്ടായ വര്‍ഗീയ ലഹളയില്‍ മുറിവേറ്റ മുസ്ലിംകളെ പാട്ടിലാക്കി പാകിസ്താന്‍ സ്ഫോടനത്തിന് വഴിയൊരുക്കുകയായിരുന്നുവെന്നാണ് യാക്കൂബ് നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. അക്കാലത്ത് പാക് അധീന പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയായിരുന്ന റാസാ അശ്ഫാഖ് സര്‍വര്‍ ദുബൈയില്‍ ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമുമായി പലതവണ ചര്‍ച്ച നടത്തിയതിന്‍െറ തെളിവ് യാക്കൂബാണ് നല്‍കിയത്. സ്ഫോടനപരമ്പരക്കും മേമന്‍ കുടുംബത്തിന്‍െറയും സ്ഫോടനത്തില്‍ പങ്കാളികളായവരുടെയും രക്ഷപ്പെടലിനും പണം നല്‍കിയത് ദുബൈയില്‍ ബിസിനസുകാരനായ പാക് സ്വദേശി തൗഫീഖ് ജാലിയാവാലയാണെന്നതിനും യാക്കൂബാണ് തെളിവ് നല്‍കിയത്.
സ്ഫോടനശേഷം ഇന്ത്യ വിട്ട മേമന്‍ കുടുംബാംഗങ്ങളെ പാക് സ്വദേശികളാക്കി പാസ്പോര്‍ട്ടും മറ്റും നല്‍കിയത് ഐ.എസ്.ഐ ആണ്. ഇതിനു തെളിവായി 12 പാക് പാസ്പോര്‍ട്ടുകളാണ് യാക്കൂബ് സി.ബി.ഐക്ക് നല്‍കിയത്. യൂസഫ് അഹ്മദ് എന്ന പേരാണ് പാകിസ്താന്‍ യാക്കൂബിന് നല്‍കിയത്.  സ്ഫോടനകേസ് പ്രതികള്‍ പാകിസ്താനിലുണ്ടെന്ന് ഇന്ത്യ അവകാശപ്പെട്ടപ്പോള്‍ മേമന്‍ കുടുംബാംഗങ്ങളെ തായ്ലന്‍ഡിലേക്ക് മാറ്റിയതിനുള്ള തെളിവും യാക്കൂബ് നല്‍കി. യാക്കൂബ് തെളിവുകള്‍ ശേഖരിച്ചത് യഥാര്‍ഥ പ്രതികളെ തുറന്നുകാട്ടി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായിരുന്നു എന്നും എന്നാല്‍, എല്ലാം വെറുതെയായെന്നും കുടുംബാംഗങ്ങള്‍ പരിതപിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.