ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി വിനിയോഗ വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചു.
ഝാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു, ഉദ്യോഗസ്ഥരായ ബിപിന്‍ ബിഹാരി സിങ്, വിനി ഇറോണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് (വി.ഐ.എസ്.യു.എല്‍), കമ്പനി ഡയറക്ടര്‍ വൈഭവ് തുത്സ്യന്‍, മധു കോഡയുടെ അടുത്ത അനുയായിയെന്ന് ആരോപിക്കുന്ന വിജയ് കോശി, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നവിന്‍ കുമാര്‍ തുത്സ്യന്‍ എന്നിവരും കുറ്റം ചെയ്തതായി സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ഭാരത് പരസര്‍ കണ്ടത്തെി. ഝാര്‍ഖണ്ഡിലെ വടക്കന്‍ രാജ്ഹരയിലെ കല്‍ക്കരി പാടം വി.ഐ.എസ്.യു.എല്ലിന് അനധികൃത ഇടപാടിലൂടെ അനുവദിച്ചു കൊടുത്തുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. കേസന്വേഷിച്ച സി.ബി.ഐ. പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിനാണ് കോടതി വിധി. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടില്ല. കേസില്‍ നിഷേധ രേഖകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 17 വരെ സമയം അനുവദിക്കണമെന്നും അതിനുശേഷം വിചാരണ ആവാമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ക്രിമിനല്‍ ഗൂഢാലോചന പ്രകാരം പ്രതികളെല്ലാം വിചാരണ നേരിടണമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. 2007 ജനുവരിയിലാണ് വി.ഐ.എസ്.യു.എല്‍ ഝാര്‍ഖണ്ഡിലെ രാജ്ഹര മേഖലയില്‍ കല്‍ക്കരി ഖനി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖനി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാറും ഉരുക്ക് മന്ത്രാലയവും കമ്പനിക്ക് ഖനി അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്തിരുന്നില്ല. പിന്നീട് 36ാമത് സ്ക്രീനിങ് കമ്മിറ്റി നിയമപരമല്ലാതെ കമ്പനിക്ക് അനുകൂലമായി ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.