എതിര്‍ക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നു -രാഹുല്‍

പുണെ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് വിദ്യാഭ്യാസ, ഉദ്യോഗ, നീതിന്യായ മേഖലകളെ തരംതാഴ്ത്താനുള്ള ആര്‍.എസ്.എസിന്‍െറ വിശാല പദ്ധതിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ബി.ജെ.പി അനുഭാവിയായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അധ്യക്ഷനായി നിയമിച്ചതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയതായിരുന്നു രാഹുല്‍.
അപ്രധാനികളെ മേധാവികളാക്കി സ്ഥാപനങ്ങളെ തരംതാഴ്ത്താനാണ് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത്. എതിര്‍ത്താല്‍ ദേശവിരുദ്ധരെന്നും ഹിന്ദുവിരുദ്ധരെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ ഇന്‍സ്റ്റിറ്റ്യൂട്ടിലത്തെിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ഥികള്‍ ആശങ്ക രാഹുലുമായി പങ്കിട്ടു. ആര്‍.എസ്.എസ് ആസൂത്രിതമായാണ് നീങ്ങുന്നതെന്നും എല്ലാ മേഖലകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് അവരുടെ ആശയപ്രചാരണമാണ് ലക്ഷ്യമിടുന്നത്. നിങ്ങള്‍ ദേശവിരുദ്ധരാണെന്നും ഹിന്ദുവിരുദ്ധരാണെന്നും അവര്‍ പറയും. അവര്‍ക്കു നിങ്ങളെ ഭയമാണ്. അതുകൊണ്ടാണ് നിങ്ങളെ ഭീഷണിപ്പെടുത്തുന്നത്. പ്രാധാന്യമില്ലാത്തയാള്‍ എന്നു മനസ്സിലായിട്ടും അധ്യക്ഷനായി നിയമിച്ചത് ഒന്നാമത്തെ വിഷയം. മന്നൊന്ന്, ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നതാണ്. 250 വിദ്യാര്‍ഥികള്‍ വേണ്ടെന്നു പറഞ്ഞിട്ടും എന്തിനാണ് അയാള്‍ ഇവിടെ തുടരുന്നത് -രാഹുല്‍ ചോദിച്ചു.
തങ്ങള്‍ക്കു പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണമെന്നും ചര്‍ച്ചക്ക് അവസരം വേണമെന്നുമുള്ള ആവശ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് തയാറാകുന്നില്ളെന്നും ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു.
ടീ ഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് രാഹുല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലത്തെിയത്. ചിരഞ്ജീവിയും രാജ് ബബ്ബറും കൂടെയുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.