ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം 72 ദിവസമായി നടത്തുന്ന ‘സമം ഫേസ്ബുക്ക് ലൈവ്’ ചൊവ്വാഴ്ച സമാപിക്കും. ജൂലൈ 14ന് സമം എഫ്.ബി ലൈവ് 72 ദിവസം ഗ്രാൻഡ് ഫിനാലെയിലൂടെ സംഘടനയുടെ ചെയർമാൻ കെ.ജെ യേശുദാസ് ഉൾപ്പടെ 80ഓളം പിന്നണി ഗായകർ ഒന്നിക്കുന്ന സംഗീത വിരുന്നാണ് സംഗീതപ്രേമികളുടെ മുന്നിലെത്തുന്നത്.
കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടമായ കേരളത്തിലെ സംഗീതരംഗത്തെ കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണ് തുടർച്ചയായി 72 ദിവസം ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിച്ചത്. സമത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് 80ഓളം പ്രമുഖ പിന്നണിഗായകർ ഇഷ്ടഗാനങ്ങളും വിശേഷങ്ങളുമായി ആസ്വാദകരുമായി സംവദിച്ചത്.
പിന്നണി ഗായകരായ പി. ജയചന്ദ്രൻ, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ, മിൻമിനി, ഉണ്ണിമേനോൻ, ലതിക, കൃഷ്ണചന്ദ്രൻ, മാർക്കോസ് തുടങ്ങിയവരും പുതിയ തലമുറയിലെ എല്ലാ പ്രമുഖഗായകരും എഫ്.ബിയിൽ ലൈവ് അവതരിപ്പിച്ചു.
ദിവസവും രാത്രി 8 മുതൽ 9 വരെ ആയിരുന്നു സംഗീത പരിപാടി. ചില ദിവസങ്ങളിൽ ആസ്വാദകരുടെ അഭ്യർത്ഥന മാനിച്ച് 10 വരെ ലൈവ് നീണ്ടു.
അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ആസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി എത്തി. ഇവിടങ്ങളിൽനിന്നും കേരളത്തിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്നെല്ലാമായി സമാഹരിച്ച 15 ലക്ഷം രൂപ 500ഓളം സംഗീതകലാകാരന്മാർക്ക് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.
ലോക്ഡൗൺ തുടങ്ങിയ ഘട്ടത്തിൽതന്നെ, പരിപാടികൾ നഷ്ടപ്പെട്ട് ദുരിതത്തിലായ 240 ഗായകർക്ക് സമം - കല്യാൺ ജ്വല്ലേഴ്സ് വെൽഫെയർ സ്കീമിലൂടെ 6.25 ലക്ഷം രൂപ സഹായ ധനമായി നൽകിയിരുന്നു. ലൈവ് കാണുന്നവർക്കായുള്ള ഗായകരുടെ ചോദ്യോത്തര പംക്‌തിയിലൂടെ വിജയികൾക്ക് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും വിതരണം ചെയ്തു.
സുദീപ് കുമാർ (പ്രസി.), രവിശങ്കർ (സെക്ര.), അനൂപ് ശങ്കർ (ട്രഷ.), രാഗേഷ് ബ്രഹ്മാനന്ദൻ (മീഡിയ സെക്ര.), അഫ്സൽ (എക്സി. അംഗം), വിജയ് യേശുദാസ്
(വൈസ് പ്രസി.) എന്നിവരടങ്ങുന്ന യുവ ഗായകരുടെ സംഘമാണ് ഓൺലൈൻ സംഗീത പരിപാടിക്ക് നേതൃത്വം നൽകിയത്. ആഗസ്റ്റ് മാസം മുതൽ രണ്ടിലധികം ഗായകർ ഒന്നിക്കുന്ന ലൈവ് പരിപാടികൾ അവതരിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.