എന്നും പിന്‍ നിരയില്‍ ഇരുന്ന പാട്ടെഴുത്തുകാരന്‍

ജീവിതത്തിന്‍്റെ വിശ്രമ കാലത്ത് ഗള്‍ഫിലേക്ക് കടല്‍ കടന്നു വന്നതിന്‍്റെ ആഹ്ളാദത്തിലായിരുന്നു ഇ വി വല്‍സന്‍ മാഷ്. മുന്‍ നിരയില്‍ നിന്നു പിന്നോട്ടു മാറിയിരിക്കാന്‍ കാലം ആവശ്യപ്പെട്ടേക്കുമോ എന്ന ശങ്കയാല്‍ ആദ്യമേ പിന്‍ നിരയില്‍ ഇരിക്കാന്‍ നിശ്ചയിച്ച ആ വിനയം ഇന്നും വാക്കുകളില്‍ നിറച്ചുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍ നിറയുന്നതു കടലിനക്കരെ കഴിഞ്ഞു പോയകാലം. ഇ വി വല്‍സന്‍ എന്ന ലളിതഗാന രചയിതാവിനെ അധികമാരും അറിയില്ല. പക്ഷേ അദ്ദേഹത്തിന്‍്റെ ഭാവനയില്‍ പിറന്ന വരികളും അതിന്‍്റെ ഈണവും ഇന്നും മലയാളിയുടെ ഹൃദയത്തില്‍ അലയടിക്കുന്നു. നാടക ഗാനരചനയിലൂടെ ഇന്നും അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.

അധ്യാപികയായിരുന്ന അമ്മ പാടിക്കേള്‍പ്പിച്ചിരുന്ന താരാട്ടും സന്ധ്യാകീര്‍ത്തനങ്ങളും ഉള്ളില്‍ വിഷാദത്തിന്‍്റെ ഈണങ്ങള്‍ തീര്‍ത്തു. പില്‍ക്കാലത്ത് അക്ഷരങ്ങളിലേക്ക് ഈണം ആവാഹിച്ചപ്പോള്‍ അമ്മ പകര്‍ന്നു തന്ന നേര്‍ത്ത വിഷാദം അവയില്‍ നിറഞ്ഞു. അങ്ങിനെ മധുമഴയെന്ന ലളിതഗാന കാസറ്റുകളുടെ പരമ്പരയിലെ ഗാനങ്ങളെല്ലാം മലായളിയുടെ ഹൃദയത്തെ ആര്‍ദ്രമാക്കി. സ്കൂള്‍ കലോല്‍സവ വേദികളിലെ ലളിതഗാനങ്ങളില്‍ ആ വരികള്‍ നിറഞ്ഞു നിന്നു. ആരാണ് എഴുതിയതെന്നറിയാതെ ആയിരങ്ങള്‍ ആ വരികള്‍ മൂളി നടന്നു. ആ വരികളുടെ ഉടമകളായി പലരും രംഗത്തുവന്നു. യഥാര്‍ഥ രചയിതാവിന്‍്റെ മുമ്പില്‍ നിന്നു പോലും ചിലര്‍ ആ ഗാനങ്ങളുടെ രചയിതാവായി നടിച്ച സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നു. ഗാനങ്ങള്‍ കാലത്തെ അതിജീവിക്കുകയും ഗാനരചയിതാവു മറവിയില്‍ മൂടിപ്പോവുകയും ചെയ്ത അപൂര്‍വ അനുഭവത്തിനുടമയെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു., 

അത്തരത്തില്‍ മറവി തന്‍്റെ കര്‍തൃത്വത്തെ മൂടിക്കളഞ്ഞതില്‍ തെല്ലു നിരാശയും അദ്ദേഹത്തിനില്ല. അതു താന്‍ സ്വയം എടുത്തണിഞ്ഞ മറഞ്ഞു നില്‍ക്കലാണെന്നാണ് അദ്ദേഹം പറയുന്നത്. സംഗീത വ്യവസായത്തിലും സിനിമയിലുമെല്ലാം കോക്കസ്സുകളും ഒതുക്കലുകളും അരങ്ങുവാഴുന്നതൊന്നും വല്‍സന്‍ മാസ്റ്ററെ സ്പര്‍ശിച്ചിട്ടില്ല. അത്തരം ഏതെങ്കിലും ഒതുക്കലുകളല്ല തന്നെ പിന്‍നിരയിലാക്കിയതെന്നും അദ്ദേഹം പറയുന്നു. കാസറ്റുകളില്‍ പാട്ടുകള്‍ ഇറക്കുന്നതിന്‍്റെ കച്ചവട തന്ത്രവും അക്കാലത്ത് അറിയില്ലായിരുന്നു. എഴുതിയ വരികള്‍ നല്ല ഗായകര്‍ പാടി കേള്‍ക്കുമ്പോഴുള്ള ആത്മ നിര്‍വൃതിക്കപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല. വടകരയുടെ ഉള്‍നാട്ടില്‍ നിന്നു പ്രശസ്തിയുടെ കൊടുമുടി കയറുക എഴുപ്പമല്ലായിരുന്നു. വി ടി മുരളിയും വി ആര്‍ സുധീഷുമെല്ലാം കോഴിക്കോട്ടു പോയാണു പരിമിതികള്‍ കടന്നത്.

മെട്രിക്കൂലേഷന്‍ കഴിഞ്ഞ് എല്ലാവരും നല്ല ജീവിതം തേടി കടല്‍ കടന്ന കാലത്ത് അതിനു മുതിരാതെ നാടകം കളിച്ചും പാട്ടു പാടിയും പാട്ടെഴുതിയും കഴിച്ചുകൂട്ടിയ യൗവനായിരുന്നു.  കലയിലൂടെ ജീവിതത്തിന്‍്റെ വസന്തം കടന്നു പോയി. ഇന്ദ്രിയങ്ങള്‍ ഇടയുന്ന കാലമായി. ഇപ്പോള്‍ താന്‍ തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഭാര്യക്കു മുമ്പില്‍ ഒരു എഴുത്തുകാരന്‍ എന്ന പദവിയുണ്ട്. അതുതന്നെ വലിയ അംഗീകാരമായി കാണുന്നു. ലളിതാ ഗാനങ്ങളുടെ മാസ്മരികാനുഭൂതികള്‍ ഇനി തിരിച്ചുവരുമെന്നു കരുതുന്നില്ല ഗോപീസുന്ദറിനെ പോലുള്ള സംഗീത സംവിധായകരുടെ കാലത്ത് പാട്ടും സംഗീതവും അങ്ങേയറ്റം അപഹസിക്കപ്പെടുകയാണ്. താന്‍ പാട്ടെഴുതുമ്പോള്‍ തന്നെ അതിന്‍്റെ ട്യൂണും ഉണ്ടാവും. ആ ട്യൂണ്‍ ഏവര്‍ക്കും ഇഷ്ടമാവുന്നു.  സംഗീതം എന്തെന്നറിയാത്തത്തിന്‍്റെ ഒരു സുഖമായിരുന്നു അത്. സംഗീതം അറിയാമായിരുന്നെങ്കില്‍ ജനങ്ങള്‍ നെഞ്ചേറ്റിയ തന്‍്റെ ഈണങ്ങളൊന്നും ഇങ്ങനെ ആകുമായിരുന്നില്ല.

ഇന്നു പാട്ടുകാര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും മാധ്യമങ്ങളുടെ പിന്‍തുണയുണ്ട്. അതിനാല്‍ അറിയപ്പെടാന്‍ ധാരാളം വഴികളുണ്ട്. ഗോകുലത്തിന്‍്റെ പ്രാദേശിക ചാനലില്‍ പഴയ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ മുഖം കാട്ടാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു പാട്ടെഴുത്തുകാരന്‍ വടകരയില്‍ ജീവിക്കുന്ന കാര്യം നാട്ടുകാര്‍ പോലും അറിഞ്ഞത്. താന്‍ പഠിപ്പിച്ച കുട്ടികള്‍ക്കുപോലും താന്‍ ഒരു പാട്ടെഴുത്തുകാരനാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT