ആകാശമേടയ്ക്കുകീഴിലെ  വേനല്‍ക്കിനാവുകള്‍

‘ആകാശമേടയ്ക്കു വാതിലുണ്ടോ.. 
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ..’
ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും ഒ.എന്‍.വിയുടെ ഈ ഗാനം. മനസ്സിന്‍െറ വാതായനങ്ങള്‍ മലര്‍ക്കത്തെുറക്കുന്ന കൗമാരകാലത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ‘വേനല്‍കിനാവുകള്‍’ എന്ന എം.ടിയുടെ ശ്രദ്ധേയമായ ചലച്ചിത്രം ഓര്‍ക്കുന്നവര്‍ക്ക് ഈ വരികള്‍ മറക്കാന്‍ കഴിയില്ല. ഒരു മധ്യവേനലവധിക്കാലത്ത് കൗമാരത്തിന്‍െറ കടിഞ്ഞാണില്ലാത്ത പ്രയാണം ഏതാനും കൗമാരക്കാരുടെ ജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ തന്മയത്വത്തോടെ ചിത്രീകരിച്ച ചിത്രമായിരുന്നു ‘വേനല്‍ക്കിനാവുകള്‍’. കെ.എസ്.സേതുമാധവന്‍ എന്ന വിഖ്യാത സംവിധായകന്‍ വലിയ ഇടവേളക്കുശേഷം എടുത്ത ചിത്രം എന്നതിനേക്കാളുപരി ഒട്ടേറെ പ്രാധാന്യമുള്ള ഈ ചിത്രം  മലയാളികളുടെ മനസ്സിനെ സ്വാധീനിച്ചിട്ട് 25 വര്‍ഷമാകുന്നു. 1991 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഒ.എന്‍.വിയുടെ അതിലെ ഗാനങ്ങള്‍ ഇറങ്ങിയിട്ടും കാല്‍ നൂറ്റാണ്ടാകുന്നു. ഒരു മധ്യവേനലവധിയുടെ കാലത്ത് മനോഹരങ്ങളായ ഈ സിനിമയിലെ ഗാനങ്ങള്‍ ഓര്‍ക്കുന്നതില്‍ കൗതുകമുണ്ട്. അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ ഒ.എന്‍.വിയും വിഖ്യാത സംഗീതജ്ഞനായ എല്‍.വൈദ്യനാഥനും ചേര്‍ന്നൊരുക്കിയതാണ് ഇതിലെ ഗാനങ്ങള്‍. 
കേരളത്തിന്‍െറ സാംസ്കാരിക ചരിത്രത്തെ സംക്ഷിപ്തമായി ഒരു ഗാനത്തിലൊതുക്കിയ 
‘പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ 
പേരറിയാക്കരയില്‍ നിന്നൊരു പൂത്തുമ്പി...
എന്ന ഗാനമാണ് ഇതില്‍ ഏറ്റവും പ്രശസ്തം. തിരുമൂര്‍ത്തികള്‍ വാഴും കാവുകള്‍, തിരുവാതിര ഞാറ്റുവേലപ്പുകിലുകള്‍, തെയ്യം-തിറ, കാവടിയാട്ടം, നിരനിരയായാനച്ചന്തം, കിളിപാടും തണലുകള്‍, നിളയുടെ നൃത്തം എന്നു തുടങ്ങി കേരളത്തിന്‍െറ വൈിധ്യം കുറിച്ചിടുന്നതിനൊപ്പം വിദേശികള്‍ സൂര്യസ്നാനത്തിനത്തെുന്ന കടല്‍ത്തീരവര്‍ണന 
‘ഒരു വര്‍ണക്കുടയുടെ കീഴിലിരുന്നു
തിരപാടും പാട്ടുകേട്ടൊരു കിനാവു കണ്ടു..’
എന്നാണ് ഒ.എന്‍.വി കുറിക്കുന്നത്. 
ഇതിലെ മറ്റൊരു ശ്രദ്ധേയ ഗാനമാണ് സെമി ക്ളാസിക്കലായി വൈദ്യനാഥനൊരുക്കിയ 
‘ഗൗരീ മനോഹരീ മാരവൈരീ 
മാനസ നളിനിയില്‍ 
രാഗസൗരഭമുതിരും മലരായുണരും...’
എന്ന ഗാനം. 
ഭക്തിയോടെ പ്രാര്‍ഥിക്കുന്നതിനിടെ ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ് കവി ഈ ഗാനത്തില്‍ നടത്തുന്നത്. കൗമാരമനസ്സിന്‍െറ ചാഞ്ചല്യവും ഗാനത്തില്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. 
‘കുളിര്‍ നിടിലത്തില്‍ കുങ്കുമ തിലകം
തളിര്‍ വിരലുകളില്‍ താമരമുകുളം
മറ്റൊരു വിണ്‍നദി പോലെ
മാറിലെ മുക്താഹാരം
സുരുചിരമിളകി സുലളിതപദയായ് നര്‍ത്തനമാടുക
ഭുവനമനോഹരി..’
തുടങ്ങിയ വരികള്‍ വളരെ കാവ്യാത്മകവുമാണ്. 
വെസ്റ്റേണ്‍ പശ്ചാത്തലത്തിലുള്ളതാണ് മറ്റ് രണ്ടുഗാനങ്ങളും. ഇതില്‍ ‘പോരൂ പോരൂ ആദി വിജനതയില്‍.. 
ആദി മലര്‍വനിയില്‍..’
എന്ന ഗാനവും അതിന്‍െറ വരികള്‍കൊണ്ടും സംഗീതം കൊണ്ടും ശ്രദ്ധേയമാണ്. കൗമാരമനസ്സിന്‍െറ അതിരുകള്‍ ഭേദിക്കുടന്ന പ്രയാണമാണ് ‘ആകാശമേടയ്ക്കു വാതിലുണ്ടോ..’ എന്ന ഗാനത്തിന്‍െറ പ്രമേയം. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT