മരണാനന്തരം മൈക്കിള്‍ ജാക്സണ്‍

 

മൈക്കിള്‍ ജാക്സണ്‍ ഇല്ലാത്ത സംഗീത ലോകത്തിന് ജൂണ്‍ 25ന് ആറ് വയസ്സാകുന്നു. സംഗീതത്തിലെ അപൂര്‍വ പ്രതിഭകളുടെ ജീവിതം എന്നും വിസ്മയമുണര്‍ത്തുന്നതാണ്. അതുതന്നെയാണ് മൈക്കിളിന്‍െറ കാര്യത്തിലും. 200 പാട്ടുകളില്‍ താഴെ മാത്രം പാടി ലോകത്തെ ഏറ്റവും പ്രശസ്തനായ പോപ്പ് ഗായകനായി മാറിയ ജാക്സണ്‍ സംഗീത ലോകത്ത് എന്നും വിസ്മയമായിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്‍െറ ജീവിതത്തിനുശേഷവും സംഗീതം വിവാദമില്ലാതെ അനുസ്യൂതം ജനഹൃദയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. സംഗീതംകൊണ്ട് കോടീശ്വരനായി, വിവാദങ്ങള്‍കൊണ്ട് ദരിദ്രനായി മരിച്ച മൈക്കിളിന്‍െറ സംഗീതം ഒരിക്കലും വിലകുറഞ്ഞതായിരുന്നില്ല. കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങള്‍ സമ്പന്നമാക്കിയ അദ്ദേഹത്തിന്‍െറ സംഗീതം മരണശേഷം ഒരു ഗായകന്‍െറ പാട്ടുകള്‍ നേടുന്ന ഏറ്റവും വലിയ സാമ്പത്തിക വിജയത്തിലത്തെിയിരിക്കുന്നു. ജീവിച്ചിരുന്ന കാലത്ത് മൈക്കിള്‍ തീര്‍ത്ത നിരവധി റെക്കോഡുകളുണ്ട് പാട്ടുകാര്‍ക്ക് തകര്‍ക്കാന്‍ അസാധ്യമായത്. അതുപോലെയായി അദ്ദേഹം മരണശേഷവും. ഇതുവരെയുള്ള സംഗീതജ്ഞരില്‍ മരണശേഷം ആല്‍ബങ്ങള്‍ വിറ്റ് ഏറ്റവും കൂടുതല്‍ പണം നേടിയതിന്‍െറ റെക്കോഡും മൈക്കിള്‍ ജാകസ്നു തന്നെ. ജാക്സന്‍െറ മരണശേഷം റിലീസാകാത്തതും റിലീസായതുമായ ആല്‍ബങ്ങള്‍ കമ്പനികള്‍ പുറത്തിറക്കി. അത്യാവേശത്തോടെ ആരാധകര്‍ ഇത് വാങ്ങിക്കുട്ടിയതിലൂടെ 2009നും2014നുമിടയില്‍ കമ്പനികള്‍ക്ക് ലഭിച്ചത് 14 കോടി ഡോളറിന്‍െറ വരുമാനമാണ്. മരണശേഷവും ആല്‍ബം വില്‍പനയില്‍ മുന്‍പന്തിയില്‍ നിന്ന ഇതിഹാസ ഗായകന്‍ എല്‍വിസ് പ്രിസ്ലിയുടെ റെക്കോഡ് അങ്ങനെ ജാക്സണ്‍ തകര്‍ത്തു. 
ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകള്‍ കേട്ട സംഗീത പരിപാടികളും സംഗീത ആല്‍ബവും മൈക്കിള്‍ ജാക്സന്‍േറതായിരുന്നു. പാട്ടിലൂടെ ലോകത്തേറ്റവുംകുടുതല്‍ പണം സമ്പാദിച്ചയാളും മൈക്കിള്‍ തന്നെ. സംഗീതത്തിലോ നൃത്തത്തിലോ കാര്യമായ പഠനമില്ലാതെയാണ് മൈക്കിള്‍ ലോകത്തെ ഏറ്റവും വലിയ സംഗീതവിസ്മയമായത്. അതിന് ഏറ്റവും വലിയ പ്രചോദനമായത് ഒരു സാധാരണ പണിക്കാരനായിരുന്ന ജാക്സന്‍െറ പിതാവ് തന്നെയായിരുന്നു. അദ്ദേഹം അറിയപ്പെടാത്ത ഒരു പാട്ടുകാരന്‍കൂടിയായിരുന്നു. കടുത്ത ശിക്ഷണത്തിലാണ് അദ്ദേഹം തന്‍്റെ അഞ്ച് മക്കളെ സംഗീതവും നൃത്തവും  പഠിപ്പിച്ചത്.  അതില്‍ ഏറ്റവും പ്രഗല്‍ഭനായിരുന്ന മൈക്കിളിനെ അതിക്രൂരമായി മര്‍ദ്ദിച്ചാണ് അദ്ദേഹം പരിശീലിപ്പിച്ചത്. 9 മക്കളായിരുന്നു അദ്ദേഹത്തിന്. കുട്ടിക്കാലത്തുതന്നെ അഞ്ച് മക്കളെയും ഉള്‍പ്പെടുത്തി അദ്ദേഹം ജാക്സണ്‍ 5 എന്ന സംഗീതസംഘം ഉണ്ടാക്കി. അവര്‍ പ്രശസ്തരാവുകയും ആല്‍ബം വില്‍പനയില്‍ റെക്കോഡ് നേടുകയും ചെയ്തു. 
ഇരുപതാമത്തെ വയസ്സില്‍ ‘ഓഫ് ദി വാള്‍’ എന്ന ആല്‍ബത്തിലൂടെ ലോകപ്രശസ്തനായിത്തീര്‍ന്ന മൈക്കിള്‍ ജാക്സന്‍െറ 30 വര്‍ഷം നീണ്ട സംഗീതജീവിതത്തില്‍ പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മരണംവരെയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ പാട്ടുകാരന്‍ മൈക്കിള്‍ ജാക്സണായിരുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.