????????, ??????????

ഞാൻ പാടിയ പാട്ടിന്​ യേശുദാസ്​ പുരസ്​കാരം വാങ്ങിയിട്ടില്ല; അദ്ദേഹത്തെ അവഹേളിക്കരുത്​-ഉണ്ണി മേനോൻ

നഗന്ധർവൻ യേശുദാസിനെ അവഹേളിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്​തുതാ വിരുദ്ധമെന്ന്​ പ്രശസ്​ത പിന്നണി ഗായകൻ ഉണ്ണി​ മേനോൻ. ഫേസ്​ബുക്കിലൂടെയാണ്​ അദ്ദേഹം മറുപടി നൽകിയത്​. താൻ പാടിയ ``തൊഴുതു മടങ്ങും'' എന്ന പാട്ട്​​​ 1984ലെ സംസ്ഥാന അവാർഡിന്​ പരിഗണിക്കപ്പെട്ടപ്പോൾ അവാർഡ്​ ലഭിച്ചത്​ യേശുദാസിനാണെന്ന തരത്തിലായിരുന്നു പ്രചാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സ്​ആപ്പിലും പ്രചരിക്കുന്ന ഒരു വീഡിയോയിലാണ്​ തെറ്റായ പരാമർശം ഉള്ളത്​.  

ത​​​​െൻറ പാട്ട് ആ വർഷം അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും യേശുദാസ്​ പാടിയ `സ്വന്തം ശാരിക' യിലെ ‘ഈ മരുഭൂവിൽ’ (സംഗീതം: കണ്ണൂർ രാജൻ) എന്ന ഗാനത്തിനായിരുന്നു സംസ്ഥാന അവാർഡ് ലഭിച്ചതെന്നും ഉണ്ണി മേനോൻ വ്യക്​തമാക്കി. ഈ പഴയ വീഡിയോ ഇപ്പോൾ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല. താൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന മഹദ് വ്യക്തിത്വത്തെ നിന്ദിക്കാൻ വേണ്ടി ഈ വീഡിയോയിൽ ത​​​​െൻറ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെടുന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഫേസ്​ബുക്ക്​ പോസ്റ്റി​​​​െൻറ പൂർണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസത്യങ്ങളോടും അർദ്ധസത്യങ്ങളോടും പ്രതികരിക്കുന്ന ശീലമില്ല എനിക്ക്. അത്തരം മാധ്യമങ്ങൾ മനുഷ്യന്റെ നന്മ മാത്രം പ്രചരിപ്പിക്കാനേ ഉപയോഗിച്ചുകൂടൂ എന്നാണ് എന്റെ വിശ്വാസം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്കിലും വാട്സപ്പിലും മറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഞാൻ ഉൾപ്പെടെയുള്ള സംഗീത പ്രേമികളും ഗായകരും സ്നേഹിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹദ് വ്യക്തിത്വത്തെ നിന്ദിക്കാൻ വേണ്ടി ഈ വീഡിയോയിൽ എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതിൽ ദുഖമുള്ളതു കൊണ്ടാണ് ഈ വിശദീകരണം.

ഞാൻ പാടിയ ``തൊഴുതു മടങ്ങും'' എന്ന പാട്ട് 1984 ലെ സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരിൽ ഒടുവിൽ യേശുദാസിനാണ് അവാർഡ് ലഭിച്ചതെന്നും അഭിമുഖം നൽകിയ ആൾ പറയുന്നു. തികച്ചും വസ്തുതാവിരുദ്ധമാണ് ആ പരാമർശം. ഞാൻ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വർഷം അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടൻ പാടിയ ``സ്വന്തം ശാരിക'' യിലെ ഈ മരുഭൂവിൽ (സംഗീതം: കണ്ണൂർ രാജൻ) എന്ന ഗാനത്തിനായിരുന്നു ആ വർഷത്തെ അവാർഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ ``വെളിപ്പെടുത്ത''ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാകാൻ ഇടയുള്ളൂ. അതിന് എന്നെ അവർ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിർഭാഗ്യകരം.

എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാൾ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉൾക്കൊണ്ടും വളർന്ന ബാല്യമാണ് എന്റേത്. സഹോദര നിർവിശേഷമായ സ്നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂ. എന്റെ ജീവിതത്തിന്റെ ഓരോ നിർണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ൽ ആലാപ് എന്ന പേരിൽ ഞാൻ തുടങ്ങിയ സ്റ്റുഡിയോ ഉൽഘാടനം ചെയ്യാൻ അന്നത്തെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എത്തിച്ചേർന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തിൽ എന്റെ മുപ്പത്തിമൂന്നാം വാർഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകൾ നന്ദിപൂർവമല്ലാതെ ഓർക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനർഘ മുഹൂർത്തങ്ങൾക്ക് സുഗന്ധമേകിയത് ആ ഗന്ധർവ സാന്നിധ്യമാണ്. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്.

ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പർശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്നേഹിക്കുന്ന മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കർമണാ താൻ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ..

സ്നേഹപൂർവ്വം നിങ്ങളുടെ ഉണ്ണി മേനോൻ

Full View

Full View
Tags:    
News Summary - yesudas-unni-menon-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT