എം.കെ. അർജുനൻ; മലയാളിയിൽ പ്രണയം നിറച്ച സംഗീത സംവിധായകൻ

മൺമറഞ്ഞ സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്​റ്ററുടെ ഈണങ്ങളുമായി കൂട്ടുകൂടിയ വിവിധ തലമുറകളിലെ രചയിതാക്കൾക്ക് പകരം ലഭിച്ചത് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഗാനശിൽപ്പങ്ങളാണെന്ന്​ പ്രമുഖ മാധ്യമ പ്രവർത്തകൻ രവിമേനോൻ.

< p>അനവദ്യ സുന്ദരമായ ആ കവിതയെ ഹിന്ദുസ്ഥാനി-കർണാട്ടിക് രാഗങ്ങളാൽ ശബളാഭമായ ഒരു പ്രണയമാല്യമാക്കുകയാണ്​ അർജുനൻ മാസ ്​റ്റർ ചെയ്യുന്നതെന്നും മാസ്റ്ററുടെ സൃഷ്ടികളിൽ​ ഒരു രാഗത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള സംക്രമണം തികച്ചും സ ്വാഭാവികവും സൗമ്യസുന്ദരവുമാണെന്നും രവിമേനോൻ അനുസ്​മരിച്ചു.

ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ് മെലഡിയുടെ നിത്യകാമുകൻ എം.കെ. അർജുനനെ കുറിച്ചുള്ള ഓർമകൾ​ രവി മേനോൻ പങ്കു​വെച്ചത്​.

ഫേസ്​ബുക്ക്​ കുറിപ്പി​​​​​​ ​െൻറ പൂർണ രൂപം:
ഗസലി​​​​​​​െൻറ ഭാവമുള്ള പാട്ടാണ് വേണ്ടതെന്ന് നിർമ്മാതാവ്. ആ പാട്ടിനൊരു ഗുലാം അലി സ്പർശം ഉണ്ടെങ്കിൽ കൊള്ളാം എന്നു ഗാനരചയിതാവ്. രണ്ടും കേട്ട് നിശബ്ദമായി പുഞ്ചിരിച്ചു നിൽക്കുക മാത്രം ചെയ്തു എം കെ അർജ് ജുനൻ. അല്ലാതെന്തു ചെയ്യാൻ ? ഗസൽ എന്ന് അതുവരെ കേട്ടിട്ടുപോലുമില്ല അദ്ദേഹം. ഗുലാം അലി ആരെന്ന് പിടിയുമില്ല. എന്നിട ്ടും ആ രാവൊടുങ്ങും മുൻപ് ചെന്നൈ ന്യൂ വുഡ്ലാൻഡ്‌സ് ഹോട്ടലിലെ മുറിയിലിരുന്ന് ഏതു ഗസലിനെയും വെല്ലുന്ന ഒരു പ്രണയ ഗാനം സൃഷ്ടിച്ചു അർജ്ജുനൻ മാസ്റ്റർ. മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഭാവഗീതികളിൽ ഒന്ന്: ``ചെമ്പകത്തൈകൾ പൂത്ത മാന ത്ത് പൊന്നമ്പിളി ചുംബനം കൊള്ളാൻ ഒരുങ്ങീ..''

‘കാത്തിരുന്ന നിമിഷം’ (1978) എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ ്പിയുടെ വരികളിൽ നിന്ന് ആ പാട്ടുണ്ടാക്കുമ്പോൾ നിർമ്മാതാക്കളിൽ ഒരാളായ രഘുകുമാറുമുണ്ട് മാസ്റ്റർക്കൊപ്പം. ‘‘നി ങ്ങളെല്ലാം ഇക്കാലത്തും സ്നേഹത്തോടെ ചെമ്പകത്തൈകളെ കുറിച്ച് സംസാരിച്ചു കേൾക്കുമ്പോൾ അറിയാതെ രഘുവിനെ ഓർത്തുപോ കും ഞാൻ.’’ മാസ്റ്റർ പറയുന്നു. ‘‘ഗസൽ എന്തെന്നറിയാത്ത എനിക്ക് അതി​​​​​​​െൻറ ശൈലി, രൂപഭാവങ്ങൾ, മൂഡ് ഒക്കെ എങ്ങനെ ആ യിരിക്കണം എന്ന് വിശദമാക്കി തന്നത് സംഗീതജ്ഞൻ കൂടിയായ രഘുവാണ്. മാത്രമല്ല ആ പാട്ടി​​​​​​​െൻറ പിന്നണിയിൽ മനോഹരമായി തബല വായിക്കുക കൂടി ചെയ്തു അദ്ദേഹം. ഒരേ വരി തന്നെ പല രീതിയിൽ മനോധർമ ശൈലിയിൽ ആവർത്തിക്കുക എന്ന ആശയം തന്നതും രഘുവാണ്. ചരണത്തിലെ അത്തറിൻ സുഗന്ധവും എന്നു തുടങ്ങുന്ന വരി ഓർമ്മയില്ലേ? അക്കാലത്തെ റെക്കോർഡിംഗി​​​​​​​െൻറ പരിമിതികൾ ഇല്ലായിരുന്നെങ്കിൽ പത്തിരുപത് മിനിറ്റ് നീളുന്ന ഒരു പാട്ടാക്കി മാറ്റിയിരുന്നേനെ ഞാൻ അതിനെ. അത്രയും ആസ്വദിച്ചാണ് ഞാൻ ആ ഗാനം ചെയ്തത്...’’ തീർന്നില്ല. തമ്പിയുടെ വരികളിലെ പ്രണയലഹരി കൂടി ചേരുമ്പോഴേ ചെമ്പകത്തൈകളുടെ സൗരഭ്യം പൂർണ്ണമാകൂ എന്ന് കൂട്ടിച്ചേർക്കുന്നു മാസ്റ്റർ. പിന്നെ കമലഹാസൻ - വിധുബാലമാരുടെ സ്വയം മറന്നുള്ള അഭിനയവും.

തെല്ലും നിനച്ചിരിക്കാതെ ചെമ്പകത്തൈകൾ വന്നു മനസ്സിനെ തൊട്ട സന്ദർഭങ്ങൾ നിരവധിയുണ്ട് അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിൽ. ചെന്നൈയിൽ തെന്നിന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പരിപാടി. അതിഥികളിൽ ഒരാളായി ഹാളി​​​​​​​െൻറ മൂലയിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിയിരിക്കുന്നു അർജ്ജുനൻ മാസ്റ്റർ. കമലഹാസനെ പോലുള്ള സൂപ്പർ താരങ്ങളുടെ സുവർണ്ണ സാന്നിധ്യത്തിൽ ജ്വലിച്ചു നിൽക്കുന്ന വേദിയാണ്. ആദരിക്കാനുള്ള ഊഴമെത്തിയപ്പോൾ ആരോ മാസ്റ്ററുടെ പേര് അനൗൺസ് ചെയ്തു. ഒപ്പമുള്ള സഹായിയുടെ കൈ പിടിച്ചു മാസ്റ്റർ ആൾക്കൂട്ടത്തിനിടയിലൂടെ വേച്ചു വേച്ചു വേദിയിലേക്ക് നടക്കുമ്പോൾ, പശ്ചാത്തലത്തിൽ ഒരു പാട്ടി​​​​​​​െൻറ ശീലുകൾ. മൈക്ക് കയ്യിലെടുത്തു കമലഹാസൻ പാടുകയാണ്: ‘‘ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ...’’

Full View
അത്ഭുതമായിരുന്നു മാസ്റ്റർക്ക്. എത്രയോ ഭാഷകളിൽ നൂറു കണക്കിന് സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കിയ കമൽ ഇപ്പോഴും ത​​​​​​​െൻറ ഈ പഴയ പാട്ട് ഓർത്തിരിക്കുന്നുവെന്നോ? വേദിയിൽ കയറിവന്ന് കൈകൂപ്പി നിന്ന സംഗീതസംവിധായകനോട് കമൽ പറഞ്ഞു: ‘‘മാസ്റ്ററുടെ ഈ പാട്ടിന്റെ വരികൾ മനഃപാഠമാണെനിക്ക്. എ​​​​​​​െൻറ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നു അവ.’’ കൊച്ചിയിലെ ബോൾഗാട്ടി പാലസ് പരിസരത്തു വെച്ച് ചെമ്പകത്തൈകൾ ചിത്രീകരിക്കുന്ന സമയത്ത് ചിരകാല കാമുകിയായ വാണിഗണപതിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് കമൽ. വിധുബാലയാകട്ടെ പിൽക്കാലത്ത് ത​​​​​​​െൻറ ജീവിതപങ്കാളിയായിത്തീർന്ന മുരളിയുമായി തീവ്രാനുരാഗത്തിലും. എല്ലാ അർത്ഥത്തിലും പ്രണയ നിർഭരമായ നിമിഷങ്ങൾ. അതിനിണങ്ങുന്ന ഗാനവും.


സമാനമായ മറ്റൊരു അനുഭവം കൂടിയുണ്ട് അർജ്ജുനൻ മാസ്റ്ററുടെ ഓർമ്മയിൽ. ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യവുമായുള്ള ആദ്യ കൂടിക്കാഴ്ച. ആരോ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ‘നിൻ മണിയറയിലെ’ എന്ന പാട്ടി​​​​​​​െൻറ പല്ലവി മാസ്റ്ററെ പാടിക്കേൾപ്പിച്ചു എസ്.പി.ബി. അത് കഴിഞ്ഞു നീലനിശീഥിനി എന്ന പാട്ടും. എല്ലാം കേട്ട് വിസ്മയിച്ചു നിൽക്കുകയാണ് മാസ്റ്റർ. ഈ പാട്ടുകളുമായി എസ്. പി.ബിക്ക് എന്ത് ബന്ധം? പഴയ ഒരു സംഭവം എസ്.പി.ബി ഓർത്തെടുത്തത് അപ്പോഴാണ്. 1970 കളുടെ തുടക്കത്തിലെ കഥ. സംവിധായകൻ വേണുവി​​​​​​​െൻറ ചെന്നൈ ഓഫീസിൽ ശ്രീകുമാരൻ തമ്പിയുമൊത്തിരുന്ന് സി.ഐ.ഡി നസീറിലെ പാട്ടുകൾ ചിട്ടപ്പെടുത്തുകയാണ് അർജ്ജുനൻ. ആ ഓഫീസിന് തൊട്ടടുത്ത് തന്നെ ഒരു വീടുണ്ട്. സിനിമയിൽ അവസരം തേടി വന്ന ചില ചെറുപ്പക്കാരാണ് അവിടെ താമസം. വളർന്നു വരുന്ന പാട്ടുകാരും നടന്മാരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. അവരിലൊരാൾ കമ്പോസിംഗ് കേൾക്കാൻ പതിവായി വേണുവി​​​​​​​െൻറ ഓഫീസിന് പുറത്തു വന്നു കാത്തു നിൽക്കും. പാട്ടുകൾ കേട്ട് ഹൃദിസ്ഥമാക്കും. ആ പയ്യ​​​​​​​െൻറ പേര് ബാലു. ഇന്നത്തെ എസ്.പി ബാലസുബ്രഹ്മണ്യം. അന്ന് മനഃപാഠമാക്കിയതാണ് നിൻ മണിയറയിലും നീലനിശീഥിനിയുമെല്ലാം.

‘‘എത്ര ഉയരങ്ങളിൽ എത്തിയാലും പിന്നിട്ട വഴി മറക്കാത്തവരാണ് യഥാർത്ഥ കലാകാരൻമാർ എന്ന് തോന്നാറുണ്ട്. അതി​​​​​​​െൻറ ഏറ്റവും നല്ല ഉദാഹരണമാണ് എസ്.പി.ബി. ഇഷ്ടം കൊണ്ടാണ് ആ പാട്ടുകൾ എല്ലാം പഠിച്ചതെന്ന് എസ്.പി.ബി പറഞ്ഞപ്പോൾ എ​​​​​​​െൻറ കണ്ണ് നിറഞ്ഞുപോയി.’’- അർജ്ജുനൻ.

അങ്ങനെ എത്രയെത്ര പ്രണയ സുരഭില ഗാനങ്ങൾ. എന്തെല്ലാം ഓർമ്മകൾ. മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ആ പാട്ടുകൾ പലതും കോമഡി പ്പടങ്ങളിലും സി.ഐ.ഡി പടങ്ങളിലുമായി ഒതുങ്ങിപ്പോയി എന്നത് അർജ്ജുനൻ മാസ്റ്ററുടെ ദുര്യോഗം; മലയാളികളുടെയും. ഉദയയെ പോലുള്ള വൻകിട ബാനറുകളുടെ പടങ്ങൾ അത്യപൂർവ്വമായേ മാസ്റ്ററെ തേടിവന്നുള്ളൂ. ചെയ്തതെറേയും ശശികുമാറി​​​​​​​െൻറയും എ.ബി രാജി​​​​​​​െൻറയുമൊക്കെ ചിത്രങ്ങൾ. കാവ്യസുന്ദരമായ ഗാനങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ല അത്തരം ചിത്രങ്ങളിൽ. പതിവ് അടി-ഇടി-വെടി ഫോർമുല അക്ഷരംപ്രതി നടപ്പാക്കുന്നതിനിടക്ക് പാട്ടുപാടാൻ നായകനെവിടെ സമയം? എന്നിട്ടും ശ്രീകുമാരൻ തമ്പി - അർജ്ജുനൻ ടീമിന് വേണ്ടി ഈ സംവിധായകരെല്ലാം അവരുടെ സി.ഐ.ഡി നായകരെ ഗാനഗന്ധർവന്മാരും നിത്യകാമുകരുമാക്കി. സ്കോട്ട്ലൻഡ് യാർഡിൽ വിദഗ്ധ പരിശീലനം നേടിവന്ന ഈ ഡിറ്റക്ടീവുമാർ കുറ്റാന്വേഷണത്തിനിടെ വീണുകിട്ടിയ വിശ്രമവേളകളിൽ ഷീലക്കും ജയഭാരതിക്കും വിജയശ്രീക്കും പിറകെ പ്രണയാർദ്രമായ മെലഡികൾ പാടി അലഞ്ഞു.

ജനത്തിന് ലവലേശമുണ്ടായിരുന്നില്ല പരാതി. പാട്ടുകൾ അത്രയ്ക്കും മനോഹരമായിരുന്നല്ലോ. ‘‘പരിപൂർണ്ണമായി സ്വയം സമർപ്പിച്ചുകൊണ്ടാണ് ആ ഗാനങ്ങളോരോന്നും എല്ലാം ഞാൻ സൃഷ്ടിച്ചത്. പിന്നീടവ സിനിമയിൽ കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടി ചെയ്ത രാഗമാലികകൾ പോലും തരം താണ കോമഡി ആയി ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും?’’ ഹലോ ഡാർലിംഗിലെ അനുരാഗമേ അനുരാഗമേ, ദ്വാരകേ ദ്വാരകേ, രാജുറഹിമിലെ രവിവർമ്മ ചിത്രത്തിൻ തുടങ്ങി ഉദാഹരണങ്ങൾ നിരവധിയുണ്ട്. പല പാട്ടുകളും സ്റ്റോക്ക് ഷോട്ടുകൾ വെച്ച് തട്ടിക്കൂട്ടിയവ. അവ ഉൾക്കൊള്ളുന്ന സിനിമകൾ പേരിന് ഒരു പ്രിൻറ്​ പോലും അവശേഷിപ്പിക്കാതെ വിസ്മൃതിയിൽ ചെന്നൊടുങ്ങിയിട്ടും, പാട്ടുകൾ മാത്രം ഇന്നും ഓർമ്മയിൽ പീലിവിടർത്തി നിൽക്കുന്നു എന്നത് കാലത്തി​​​​​​​െൻറ കാവ്യനീതിയാകാം.

പ്രണയഗാനങ്ങളിലാണ് അർജ്ജുനൻ മാസ്റ്ററുടെ പ്രതിഭ ഏറ്റവുമധികം മിന്നിത്തിളങ്ങിയതെന്ന് തോന്നും ചിലപ്പോൾ. ‘തിരുവോണ’ത്തിലെ ‘‘ആ ത്രിസന്ധ്യ തൻ അനഘ മുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ’’ എന്ന ഗാനമോർക്കുക. പ്രണയത്തിലെ രതിഭാവത്തെ ആകാശ മേഘ തരംഗാവലികളുമായി വിളക്കിച്ചേർക്കുകയാണ് ശ്രീകുമാരൻ തമ്പി. അനവദ്യ സുന്ദരമായ ആ കവിതയെ ഹിന്ദുസ്ഥാനി -കർണ്ണാട്ടിക് രാഗങ്ങളാൽ ശബളാഭമായ ഒരു പ്രണയമാല്യമാക്കുന്നു അർജ്ജുനൻ. ബിഹാഗിൽ തുടങ്ങി വസന്ത, രഞ്ജിനി, സരസ്വതി, ഷണ്മുഖപ്രിയ എന്നീ രാഗങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ശ്രവ്യാനുഭവം. ഒരു രാഗത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള സംക്രമണം തികച്ചും സ്വാഭാവികവും സൗമ്യസുന്ദരവുമാണ് മാസ്റ്ററുടെ സൃഷ്ടികളിൽ. ശ്രോതാവ് അതറിയുന്നുപോലുമില്ല. പ്രണയത്തെ പ്രഭാതവുമായി ചേർത്തുവെക്കുന്ന പുഷ്പാഞ്ജലിയിലെ ‘‘പ്രിയതമേ പ്രഭാതമേ’’ എന്ന ഗാനം കേട്ടുനോക്കുക. ബൗളി, ആഭേരി, മലയമാരുതം എന്നീ രാഗങ്ങൾ എത്ര ഔചിത്യത്തോടെയാണ് ആ ഗാനത്തിൽ മാസ്റ്റർ കോർത്തിണക്കിയിരിക്കുന്നത്. അരങ്ങേറ്റ സിനിമയായ ``കറുത്ത പൗർണമി''യിലെ ശിശുവിനെ പോൽ പുഞ്ചിരി തൂകി എന്ന പാട്ടിലുമുണ്ട് രാഗവൈവിധ്യത്തിന്റെ ഈ അപൂർവ ചാരുത. ബാഗേശ്രീയും ഹമീർ കല്യാണിയും വസന്ത രാഗവും ഹൃദയം കൊണ്ട് ഒന്നായി ഒഴുകിച്ചേരുന്നു ആ രാഗമാലികയിൽ.

പ്രണയഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ മനസ്സുകൊണ്ട് കാമുകനായി മാറുന്ന ദേവരാജനെ കുറിച്ച് പി. സുശീല പറഞ്ഞുകേട്ടിട്ടുണ്ട്. അർജ്ജുനൻ മാസ്റ്ററുടെ കാര്യത്തിലുമുണ്ട് ഈ പകർന്നാട്ടമെന്ന് സാക്ഷ്യപ്പെടുത്തുന്നു വാണിജയറാം. ഒരു വ്യത്യാസം മാത്രം. വളരെ പതുക്കെ, കാതിൽ മന്ത്രിക്കുന്ന മട്ടിലാണ് മാസ്റ്റർ പാടിത്തരുക. പക്ഷേ ആ ആലാപനത്തിൽ ഉൾക്കൊള്ളുന്ന ഭാവം ഗാനത്തിലേക്ക് പകർത്തുക എളുപ്പമല്ല. അർജ്ജുന സംഗീതത്തിൽ ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായിക വാണി തന്നെ. അവയിൽ ഭൂരിഭാഗവും മറക്കാനാവാത്ത പ്രണയഗാനങ്ങൾ. പിക്നിക്കിലെ ‘‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’’ എന്ന നിത്യ സുന്ദര ഗാനത്തോടെയാണ് ആ കൂട്ടുകെട്ടിന്റെ തുടക്കം. മധുരഗാനങ്ങളുടെ ഒരു പ്രവാഹമായിരുന്നു പിന്നെ. മലയാളികൾ ഏറ്റു പാടിയ സോളോകളും യുഗ്മഗാനങ്ങളും ഉണ്ടായിരുന്നു അവയിൽ: മാവി​​​​​​​െൻറ കൊമ്പിലിരുന്നൊരു മൈനവിളിച്ചു (പ്രവാഹം), ലജ്ജാവതി ലജ്ജാവതി (പുലിവാല്), തേടിത്തേടി ഞാനലഞ്ഞു (സിന്ധു), ചന്ദ്രകിരണങ്ങൾ രാഗങ്ങളായി ('അമ്മ), സീമന്തരേഖയിൽ (ആശീർവാദം), നിലവിളക്കിൻ തിരി, മധുവിധു രാത്രികൾ (ശാന്ത ഒരു ദേവത)... ‘‘ആലാപനത്തിൽ പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തരാറുണ്ട് മാസ്റ്റർ. ഒരു പക്ഷേ എന്നിലുള്ള പ്രതീക്ഷ കൊണ്ടാവാം. ആ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞു എന്നു തന്നെയാണ് എ​​​​​​​െൻറ വിശ്വാസം..’’- വാണി.

ശ്രീകുമാരൻ തമ്പിയുടെ രചനകളിൽ നിന്നാവണം അർജ്ജുന​​​​​​​െൻറ പ്രണയഗാനങ്ങൾ ഏറെയും പിറന്നത്. ആദ്യമായി ഒരുമിച്ച ``റസ്റ്റ്ഹൗസി''ൽ തന്നെ ഉണ്ടായിരുന്നു ഹൃദയഹാരിയായ അനുരാഗഗീതികൾ. പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ മണിമുത്തു കിട്ടി, യമുനേ യദുകുല രതിദേവനെവിടെ, പിന്നെ തെല്ലൊരു വിഷാദഛായയുള്ള ``പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ.'' തമ്പി - അർജ്ജുനൻ സഖ്യത്തിന്റെ പ്രണയഗീതങ്ങളിൽ ആ ഗന്ധർവ വിരൽ സ്പർശം ഏൽക്കാത്തവ അത്യപൂർവം. സംശയമുണ്ടെങ്കിൽ ഈ പട്ടികയിലൂടെ ഒന്ന് കണ്ണോടിക്കുക: മലരമ്പനറിഞ്ഞീലാ (രക്തപുഷ്പം), നിൻ മണിയറയിലെ, നീലനിശീഥിനി (സി ഐ ഡി നസീർ), ചന്ദ്രരശ്മി തൻ (അന്വേഷണം), മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി (അജ്ഞാതവാസം), മനസ്സിനകത്തൊരു പാലാഴി (പഞ്ചവടി), ഹൃദയവീണതൻ മൃദുല തന്ത്രിയിൽ (ഇത് മനുഷ്യനോ), പാലരുവി കരയിൽ, കുയിലിന്റെ മണിനാദം കേട്ടു, സിന്ദൂര കിരണമായി (പദ്മവ്യൂഹം), മല്ലികപ്പൂവിൻ മധുരഗന്ധം (ഹണിമൂൺ), സ്നേഹഗായികേ (പ്രവാഹം), കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി (പിക്നിക്), എത്ര സുന്ദരി എത്ര പ്രിയങ്കരി (തിരുവോണം), സാന്ധ്യതാരകേ മറക്കുമോ നീ, ഉറങ്ങാൻ കിടന്നാൽ (പദ്മരാഗം), ചന്ദ്രോദയം കണ്ട് (സിന്ധു), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി (കന്യാദാനം), ആയിരം അജന്താ ചിത്രങ്ങളിൽ (ശംഖുപുഷ്പം)...

വയലാറിനൊപ്പം അധികം സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല അർജ്ജുനന്. എങ്കിലും അവർ ഒരുമിച്ച അൻപതോളം ഗാനങ്ങളിൽ പ്രണയത്തി​​​​​​​െൻറ വ്യത്യസ്ത ഭാവതലങ്ങൾ അനുഭവിച്ചറിയുന്നു നാം. അനുരാഗമേ, കാറ്റിൻ ചിലമ്പൊലിയോ, ദ്വാരകേ (ഹലോ ഡാർലിംഗ്), തളിർവലയോ താമര വലയോ (ചീനവല), മല്ലീസായകാ, മയിൽപ്പീലിക്കണ്ണിലെ കലയെവിടെ (സൂര്യവംശം) എന്നീ പാട്ടുകൾ ഓർക്കുക. ആദ്യചിത്രത്തിലെ ഗാനരചയിതാവായ പി ഭാസ്കരനുമായും പിന്നീട് അധികം ഒന്നിച്ചില്ല അർജ്ജുനൻ. പക്ഷേ ഇരുവരും ചേർന്ന് സൃഷ്ടിച്ച ഗാനങ്ങൾ ഓരോന്നും അനുപമം. അനുവാദമില്ലാതെ അകത്തുവരും (പുഴ), മാനസതീരത്തെ ചുംബിച്ചുണർത്തിയ (ഡിറ്റക്ടീവ് 909 കേരളത്തിൽ), രാഗതുന്ദില നീല (ചഞ്ചല), പാതിരാവാം സുന്ദരിയെ (മത്സരം) എന്നീ പാട്ടുകൾ ഓർമ്മയിലുണ്ട്.

കാനം ഇ ജെ (തിരയും തീരവും ചുംബിച്ചുറങ്ങീ, പുഞ്ചിരിപ്പൂവുമായ് പഞ്ചമിചന്ദ്രിക, സ്വയംവര കന്യകേ, ഉഷസ്സിൽ നീയൊരു തുഷാരബിന്ദു, ഇന്ദുകമലം ചൂടി), പൂവച്ചൽ ഖാദർ (കായൽക്കരയിൽ തനിച്ചുവന്നത് കാണാൻ, രാവിനിന്നൊരു പെണ്ണി​​​​​​​െൻറ), പാപ്പനംകോട് ലക്ഷ്മണൻ (സ്വപ്‌നങ്ങൾ താഴികക്കുടമേന്തും, സ്വപ്നഹാരമണിഞ്ഞെത്തും, ശാരികത്തേൻ മൊഴികൾ, എന്തിനു സ്വർണ മയൂര സിംഹാസനം), ഒ എൻ വി (കളിവിളക്കിൻ മുന്നിൽ , സരോവരം പൂചൂടി, കാണാനഴകുള്ള മാണിക്യക്കുയിലേ), ആർ കെ ദാമോദരൻ (രവിവർമ ചിത്രത്തിൻ, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും), ചിറയിൻകീഴ് രാമകൃഷ്ണൻ നായർ (കുടമുല്ലക്കാവിലെ, ഏഴിലംപാലത്തണലിൽ), ഭരണിക്കാവ് ശിവകുമാർ (ആയിരവല്ലി തൻ), ദേവദാസ് (മാന്മിഴിയാൽ മനം കവർന്നു), ശ്രീധരനുണ്ണി (സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു), തിക്കുറിശ്ശി (പൂമെത്തപ്പുറത്ത് ഞാൻ നിന്നെ കിടത്തും), അപ്പൻ തച്ചേത്ത് (സന്ധ്യ തൻ കവിൾ തുടുത്തു), ഷിബു ചക്രവർത്തി (ചെല്ലച്ചെറു വീടുതരാം) ... അർജ്ജുന​​​​​​​െൻറ ഈണങ്ങളുമായി കൂട്ടുകൂടിയ വിവിധ തലമുറകളിലെ രചയിതാക്കൾക്ക് പകരം ലഭിച്ചത് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഗാനശിൽപ്പങ്ങൾ.

ഇത്രയും പ്രണയഗാനങ്ങൾ സൃഷ്ടിച്ച മനുഷ്യ​​​​​​​െൻറ ഉള്ളിലൊരു കാമുകനുണ്ടാകും; തീർച്ച. ``മാഷും പ്രണയിച്ചിട്ടില്ലേ?'' -- അർജ്ജുനൻ മാസ്റ്ററോട് ഒരു കുസൃതിച്ചോദ്യം. ‘‘അതൊരു വലിയ കഥയാണ്. സിനിമയേക്കാൾ നാടകതീയതകൾ നിറഞ്ഞ കഥ. പിന്നീടൊരിക്കൽ പറയാം...’’ പതിയെ ചിരിച്ചൊഴിയുന്നു അഞ്ചു പതിറ്റാണ്ടുകാലം മലയാളിയിൽ പ്രണയം നിറച്ച സംഗീത സംവിധായകൻ.

Full View
Tags:    
News Summary - MK Arjunan musician of love -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT