കവിതയെഴുതാന്‍ പ്രണയിക്കണമെന്ന് കൈതപ്രം

കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നടന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും കൈതപ്രത്തിന് ചേരുന്നത് ഇതൊന്നുമല്ല. മനസ്സില്‍ കവിതയും നന്മയും പിന്നെ പ്രണയവും നൈരാശ്യവുമൊക്കെയുളള പച്ചയായ മനുഷ്യന്‍. കവിത എഴുതാന്‍ പോകുകയാണോ.. എങ്കില്‍ പ്രണയിച്ചേ തീരൂ. പരാജയപ്പെട്ടാല്‍ ബഹുകേമവുമായി. ഗ്രാമത്തിന്റെ നന്മകള്‍ നിറഞ്ഞ, മണ്ണിന്റെ മണമുളള, പച്ച പട്ടിന്റെ കുലീനത്വമുളള കവിതകള്‍ എങ്ങിനെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഹൃദയത്തില്‍ നിന്നും വരുന്നത്. ആരെങ്കിലും അതേ കുറിച്ച് ആലോചിച്ചിട്ടുണ്ടോ.. കൈതപ്രത്തോട് തന്നെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി വളരെ ലളിതവും രസകരവുമാണ്. നമുക്ക് പെരുത്ത് ഇഷ്ടം കൂടി ആ മഹാനുഭാവനെ ഹൃദയത്തോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും. 

ആ രഹസ്യം
മധുരമേറിയ കവിതകള്‍ക്കു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ മനസ്സില്‍ കൈതപ്രമെന്ന ഗ്രാമമുണ്ട്, പ്രണയവും പ്രണയ നൈരാശ്യവുമുണ്ട്. ഇതു രണ്ടുമില്ലാതെ നല്ല കവിത വിരിയില്ലെന്നാണ് കൈതപ്രത്തിന്റെ ഉറച്ച വിശ്വാസം. ഗ്രാമത്തിന്റെ നന്മകളും പ്രണയത്തിന്റെ പരിഭവങ്ങളും മനസ്സില്‍ പേറി ബസ്സിന്റെ ജാലകത്തിന് അടുത്തിരുന്നാല്‍ യാത്രയോടൊപ്പം കവിതയും ഒഴുകി വരും. ആ യാത്രകളിലെല്ലാം കാതില്‍ മുട്ടുന്ന കുളിര്‍കാറ്റുമായി കിന്നാരം ചൊല്ലാം. ആ ആര്‍ദ്രത ഹൃദയത്തിലേക്ക് ഒഴുകിപടര്‍ന്ന് കവിതകളായി മാറും. ഇത്രയേയുളളൂ കൈതപ്രത്തിന്റെ കവിതാ മന്ത്രം.  

ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും തുറന്ന സാധാരണ ബോഗികളാണ് കൈതപ്രത്തിന് പഥ്യം. മൂടിക്കെട്ടിയ ബോഗികളില്‍ പുറത്തെ ഇളംകാറ്റേല്‍ക്കില്ല, കവിതകളുമുണ്ടാകില്ല. ഒരു തവണ സ്‌ട്രോക്ക് തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് കെതപ്രത്തെ ഒട്ടും ബാധിച്ചിട്ടില്ല. യൗവനം തുളുമ്പുന്ന മനസ്സും പ്രസരിപ്പുമായി അദ്ദേഹം ഇപ്പോഴും യാത്രയിലാണ്. ഇപ്പോഴും ബസ്സില്‍ യാത്ര ചെയ്ത് കൊതി തീരാത്തതു പോലെ. 

യാത്രകളിലൂടെ കവിതയുടെ ബീജമുണ്ടാകും. പിന്നീട് ഒറ്റയ്ക്കിരുന്ന് എഴുതി തിരുത്തലുകള്‍ വരുത്തും. ചിലപ്പോള്‍ തിരുത്തലുകള്‍ക്കായി മറ്റൊരു യാത്ര പോകും. ആദ്യം ഗാനം എഴുതി ട്യൂണിട്ടാലും ട്യൂണിട്ട് ഗാനമെഴുതാന്‍ പറഞ്ഞാലും െൈകതപ്രത്തിന് സുഖകരമാണ്. കവിതകളെഴുതുമ്പോള്‍ അതൊരു വൃത്തമാക്കി മാറ്റിയാണ് പാട്ടെഴുതുക. എഴുതുന്നവര്‍ക്ക് താളം കൂടിയേ തീരു. നാലു പ്രധാന താളങ്ങളിലാണ് കവിത എഴുതുക. കുട്ടിക്കാലത്ത് കണ്ട ഒരു തെയ്യത്തെ പറ്റിയാണ് ഒരിക്കല്‍ യാത്രക്കിടെ ഓര്‍മ്മ വന്നത്. അത് പിന്നീട് മനസ്സില്‍ നിന്ന് പോകുന്നേയില്ല. അങ്ങനെ എഴുതിയതാണ് കളിയാട്ടത്തിലെ ഏഴിമലയോളം മേലേയ്ക്ക് എന്ന ഗാനം.

കൈതപ്രത്തിന്റെ പ്രണയം
പ്രണയമില്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് കൈതപ്രത്തിന്. വയസ്സ് അറുപത്തിയേഴ് ആയെങ്കിലും പ്രണയിക്കുന്നതില്‍ അഭംഗിയില്ല. പ്രണയത്തിന് നമ്മള്‍ നല്‍കുന്ന അര്‍ത്ഥതലങ്ങളാണ് മാറേണ്ടത്. കൈതപ്രത്തിന്റെ മനസ്സ് ഇപ്പോഴും പ്രണയ ലോലം തന്നെ. സ്ത്രീയോട് മാത്രമല്ല, എഴുത്തിനോട്, സംഗീതത്തോട്, ഒക്കെ പ്രണയമാകാം. പ്രണയമില്ലെങ്കില്‍ എഴുത്ത് നടക്കില്ല. കൈതപ്രം പറയുന്നത് പ്രണയം പരാജയപ്പെട്ടാലെ ത്രില്ലുണ്ടാകൂ. ആ പ്രണയം പുറത്തു കൊണ്ടുവരുന്നതിലൂടെയാണ്  ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതും. 

പ്രണയവും പ്രണയ നൈരാശ്യമുണ്ടെങ്കിലും മനോഹരമായ കുടുംബ ജീവിതമാണ് കൈതപ്രം നയിക്കുന്നത്. പരാജയപ്പെട്ട പ്രണയം ഇപ്പോഴും ഉണ്ട്. രണ്ടു പേരും ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു. വല്ലപ്പോഴുമൊക്കെ സംസാരിക്കാറുമുണ്ട്. ക്രിത്രിമമായി ഒന്നുമില്ല. ഇപ്പോള്‍ പ്രണയത്തിലല്ല, സ്നേഹം മാത്രമേയുള്ളൂ. എല്ലാവരും പ്രണയിക്കണമെന്നും പ്രണയിക്കാന്‍ പരിശീലിക്കണമെന്നും കൈതപ്രം മടി കൂടാതെ പറയും. 


പ്രണയ ഗീതങ്ങളിലെ ദുഖം
സ്നേഹവും പ്രണയവും തൊട്ടടുത്താണ്. കൈതപ്രത്തിന്റെ പ്രണയ ഗീതങ്ങളിലെല്ലാം ദുഖം അന്തര്‍ലീനമായി കിടക്കുന്നുണ്ട്. കവിയുടെ പ്രണയ നൈരാശ്യം ഓരോ പ്രണയ ഗാനങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അമരത്തിലെ വികാരനൗകയെന്ന ഗാനത്തില്‍ ഇഴചേര്‍ന്നിരിക്കുന്നതും ദുഖഭാവം തന്നെ. ഗാനത്തിനൊടുവില്‍ കവി പാടുന്നത് ഇങ്ങിനെയാണ്. 

"എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ 
ജന്മം പാഴ്മരം ആയേനെ, 
ഇലകളും കണികളും മരതക വര്‍ണ്ണവും 
വെറുതെ മറഞ്ഞേനെ "..... 

അത്ര തീവ്രമാണ് കൈതപ്രത്തിന്റെ പ്രണയ ഗാനങ്ങളിലെ തീക്ഷണത. അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ .. എന്നു തുടങ്ങുന്ന ഗാനത്തില്‍ കവി പറയുന്നതെല്ലാം പരിഭവങ്ങളെ കുറിച്ചാണ്. 

"ഈറനോടെയെന്നും കൈവണങ്ങുമെന്‍ 
നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം
ഏറെ ജന്മമായി ഞാന്‍ നോമ്പു നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാന്‍"..

പകര്‍ന്നു കൊടുക്കാന്‍ കഴിയാത്തതിലെ പരിഭവമാണ് ആ പ്രണയ ഗാനത്തില്‍ തുളുമ്പി നില്‍ക്കുന്നത്. പ്രണയത്തിലെ പരിഭവം എത്ര മനോഹരമായാണ് കവി പറഞ്ഞുവെയ്ക്കുന്നത്. പ്രണയം പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത കവിയുടെ ദുഖം ഉള്ളിലടക്കിയാണ് ആ ഗാനം എഴുതിയിരിക്കുന്നത്.

ഒന്നും ഒളിക്കാനില്ല
ലോകത്തിന്റെ മുമ്പില്‍ കൈതപ്രത്തിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. ശാരീരിക - മാനസീക പ്രശ്നങ്ങളോ പ്രായമോ പ്രണയമോ ഒന്നും മറച്ചു വെയ്ക്കുന്നില്ലെന്നാണ് അദ്ദേഹം എപ്പോഴും പറയുക. സിനിമാ ലോകത്ത് അത്്ഭുതത്തോടെ വന്ന കുട്ടിയായിരുന്നു കൈതപ്രം. പിന്നീട് നാനൂറലധികം സിനിമകളിലാണ് പാട്ടെഴുതിയത്. സ്‌നേഹവും ഗുരുത്വത്തിന്റെ ആത്മവിശ്വാസവുമാണ് പാട്ടെഴുത്തിന് പ്രചോദനമായത്. പുതിയ കുട്ടികളോട് അദ്ദേഹത്തിന് പറയാനുളളതും ഇതു തന്നെ. സ്നേഹം, ധീരത, വാല്‍സല്യം, ഗുരുത്വം, വിനയം എന്നിവയൊന്നും പണയം വെയ്ക്കരുത്. ഇത് കളയാതെ സൂക്ഷിച്ചാല്‍ ഉയരങ്ങളിലെത്താമെന്ന് കൈതപ്രം ഉറപ്പിച്ചു പറയുന്നു. സംഗീതമാണ് എല്ലാമെല്ലാം. രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് പാട്ടുകേള്‍ക്കും. അസുഖ ബാധിതനായി വെല്ലുര് കിടക്കുമ്പോഴും ഈ ശീലത്തിന് മാറ്റം വരുത്തിയിട്ടില്ല. 

മനുഷ്യരുടെ മനസ്സിലേക്ക് കയറി ഇരിക്കാന്‍ പറ്റിയ കുറെ ഗാനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിലാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് കൈതപ്രം പറയുക. അതു തന്നെയാണ് ജനങ്ങള്‍ നല്‍കിയ അംഗീകാരവും. എല്ലാ കാര്യങ്ങളും ആസ്വദിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എല്ലാ തലങ്ങളും രസിക്കാന്‍ പറ്റണം. നന്മയും തിന്മയും എല്ലാം മനസ്സിലാക്കി സമചിത്തതയോടെ ജീവിക്കാന്‍ പറ്റുകയും വേണമെന്നും കൈതപ്രം സ്‌നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.

Tags:    
News Summary - kaithapram damodaran namboothiri interview- music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT