ഇമ്പമുള്ള ഈണങ്ങള്‍ക്ക് മുപ്പത്

കോഴിക്കോട്: നഗരത്തിന്‍െറ ജനകീയ പാട്ടുസദസ്സുകളിലെ നിത്യ സാന്നിധ്യമായ ഗായിക കോഴിക്കോട് റഹ്മത്ത് ആലാപനത്തിന്‍െറ 30ാം കൊല്ലത്തില്‍. കോഴിക്കോട്ടെ ആതിഥേയ സംഘം ടൗണ്‍ഹാളില്‍ ഒക്ടോബര്‍ നാലിന് ഒരുക്കുന്ന അനുമോദനച്ചടങ്ങില്‍ റഹ്മത്തിന് ഷിബു ചക്രവര്‍ത്തി ഉപഹാരം നല്‍കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും. 

‘വാനമ്പാടിയും പൂങ്കുയിലും’ എന്ന പേരിലുള്ള പരിപാടിയില്‍ അവര്‍ ലത, ജാനകി സംഗീതസന്ധ്യ നയിക്കും. പുതിയപാലം പത്തായപ്പറമ്പില്‍ ഉത്താന്‍ കോയയുടെയും കാരക്കുന്നുമ്മല്‍ ഫാത്തിമയുടെയും 10 മക്കളില്‍ എട്ടാമത്തെയാളായ റഹ്മത്ത് മൂന്നാം വയസ്സില്‍ വലതുകാലിന് പോളിയോ ബാധിച്ച് അവശത അനുഭവിക്കുകയാണ്. മുകേഷിന്‍െറ പാട്ടുകള്‍ പാടിയിരുന്ന പിതാവിന്‍െറയും ഹാര്‍മോണിയത്തില്‍ വിസ്മയം തീര്‍ത്ത മൂത്ത സഹോദരന്‍ ഹമീദിന്‍േറയും  കുടുംബാംഗമായ കോഴിക്കോട് അബൂബക്കറിന്‍േറയും പാരമ്പര്യം ശാരീരിക വിഷമതകള്‍ക്കിടയിലും റഹ്മത്തിന് കരുത്തായി. അമ്മാവന്‍ കാരക്കുന്നുമ്മല്‍ അസീസാണ് കൊച്ചു ഗായികയെ നഗരത്തിലെ വേദികളില്‍ പരിചിതയാക്കിയത്. അക്കാലത്തെ പ്രമുഖ നാടകകൃത്തും സഹോദരീ ഭര്‍ത്താവുമായ ചെറിയോന്‍ പുതിയറയുടെ നാടകസംഘാംഗമായതോടെ ഏറെ പേരെടുത്തു. 

ഹമീദിന്‍െറ മാപ്പിളപ്പാട്ടുകളുമായി പുതിയ പാലത്തെ ഫാസ്കോ, സേവക് എന്നീ സംഘടനകളുടെ വേദികളില്‍ റഹ്മത്ത് സ്ഥിരം സാന്നിധ്യമായി. അച്യുതന്‍ ഗേള്‍സ് സ്കൂളിലും ഫാറൂഖ് കോളജിലും പഠിക്കവേ സ്കൂള്‍ വേദികളിലും പയറ്റിത്തെളിഞ്ഞു. ഇതിനിടയില്‍ സംഗീതം പഠിച്ചു. സഹോദരനൊപ്പം തിരുവനന്തപുരത്ത് താമസത്തിനിടെ അവിടത്തെ ജൂപ്പിറ്റര്‍, മെഗാമിക്സ് എന്നീ ഗാനമേള ട്രൂപ്പുകളില്‍ റഹ്മത്ത് ശ്രദ്ധ പിടിച്ചെടുത്തു. നഗരത്തിലെ ബ്രദേഴ്സ്, എം.ഡബ്ള്യു.എ, യൂക് തുടങ്ങിയവയുടെ വേദികളായിരുന്നു റഹ്മത്തിന്‍െറ കോഴിക്കോട്ടെ പ്രധാന തട്ടകങ്ങള്‍. ഉജാലയുടെ ആദ്യ പരസ്യ ഗാനം കണ്ട് വിദ്യാധരന്‍ മാഷ് തന്‍െറ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടാന്‍ ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരത്തെ താമസകാലത്ത് വിജി തമ്പിയുടെ കുടുംബകോടതി എന്ന സിനിമയില്‍ പാടി. 

കോയമ്പത്തൂര്‍ മല്ലിശ്ശേരി, തൃശൂര്‍ കലാസദനം എന്നീ ട്രൂപ്പുകളില്‍ ഗായികയെന്ന നിലയില്‍ മധ്യ കേരളത്തിലും കാഞ്ഞങ്ങാട് രാമചന്ദ്രന്‍െറ സംഘത്തോടൊപ്പം വടക്കന്‍ മലബാറിലും പേരെടുത്തു. ജയചന്ദ്രന്‍, ജി.വേണുഗോപാല്‍, സുജാത, മിന്‍മിനി, വി.എം. കുട്ടി, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് തുടങ്ങി പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ട റഹ്മത്ത് ഇപ്പോള്‍ കോഴിക്കോട് നഗരസഭാ ഓഫിസ് ജീവനക്കാരിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.