പാട്ടിലെ വൈവിധ്യം അവാര്‍ഡിലും 

ഗാനവിഭാഗത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്. 
എഴുപതുകഴിഞ്ഞ നമ്മുടെ പ്രിയഗായകന്‍ ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ അല്‍ഭുതങ്ങളില്ളെങ്കിലും അദ്ദേഹത്തിന്‍െറ പ്രായത്തെ കവച്ചുവെക്കുന്ന ശബ്ദസൗകുമാര്യത്തിനും പ്രതിഭക്കുമുള്ള പുരസ്കാരമാണിത്. യേശുദാസ് കത്തിനിന്ന കാലത്ത് അദ്ദേഹത്തോട് കിടപിടിക്കാന്‍ ജയചന്ദ്രന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്, എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരമായി അദേഹത്തിന് ധാരാളം അവാര്‍ഡുകള്‍ കിട്ടിയിരുന്നില്ല. ഇന്നും അതേ സജീവത നിലനിര്‍ത്താന്‍ കഴിയുന്നു എന്നതിന് അദ്ദേഹത്തിന് മലയാളികളുടെ മനസിന്‍െറ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്കാരം. 
ഒരു സംഗീതസംവിധായകന്‍െറ ഗാനം മകള്‍ പാടുകയും രണ്ടുപേര്‍ക്കും അവാര്‍ഡ് ലഭിക്കുകയും ചെയ്യുക എന്ന അപൂര്‍വതയാണ് മലയാളത്തിലിത്തവണ. അങ്ങനെയൊന്ന് ഇതുവരെയും സംഭവിച്ചിട്ടില്ല. വളരെക്കുറച്ച് ഗാനങ്ങളിലൂടെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് നാരായണന്‍ എന്ന സംഗീതസംവിധായകന്‍. എണ്ണിപ്പറയാന്‍ അധികമില്ളെങ്കിലും ചെയ്ത ഗാനങ്ങളെല്ലാം ശ്രദ്ധേയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്നെയുമല്ല അതിലൂടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടാനും. അദ്ദേഹത്തിന്‍െറ മകള്‍ മധുശ്രീ നാരായണന് കിട്ടിയ അവാര്‍ഡ് അതിലേറെ ശ്രദ്ധേയമാണ്. എഴുപതുകഴിഞ്ഞ ഗായകനൊപ്പം അവാര്‍ഡ് പങ്കിടുന്ന ഗായികയുടെ പ്രായം വെറും 16 വയസ്. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സംസ്ഥാന അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഗായികയാണ് മധുശ്രീ. തിരുവനന്തപുരം കാര്‍മല്‍ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയാണ് മധുശ്രീ. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹിന്ദുസ്ഥാനിയുടെ പ്രചാരകനുമായ രമേശ് നാരായണന്‍ രണ്ട് പെണ്‍മക്കളെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ വഴിയേ ആണ് നടത്തുന്നത്. അദ്ദേഹത്തിന്‍െറ കച്ചേരികളില്‍ രണ്ടുപേരും ഒപ്പം പാടാറുണ്ട്. മനോഹരമായി പാടുന്ന മധുശ്രീക്ക് അവാര്‍ഡ് ലഭിച്ചതില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല. 
‘പശ്യതി നിശി നിശി’ എന്ന ജയദേവന്‍െറ പ്രശസ്തമായ അഷ്ടപദി പാടിയാണ് മധുശ്രീ അവാര്‍ഡ് നേടിയത്. അഷ്ടപദി നിരവധി ചലച്ചിത്രങ്ങളില്‍ യേശുദാസ് ഉള്‍പ്പെടെ പലരും പാടിയിട്ടുണ്ടെങ്കിലും ഇതിന് ഒരു ഗായികക്ക് അവാര്‍ഡ് ലഭിക്കുന്നത് ആദ്യം. ‘എന്നു നിന്‍െറ മൊയ്തീന്‍’ എന്ന ചിത്രത്തിന്‍െറ ഗാനരചനക്ക് റഫീക് അഹമ്മദിന് വീണ്ടും ഒരു അംഗീകാരം കൂടി ലഭിക്കുന്നത് അര്‍ഹതക്കുള്ള അംഗീകാരം തന്നെയാണ്. അതുപോലെ പശ്ചത്തലസംഗീതത്തിനുള്ള ബിജിബാലിന്‍െറ അവാര്‍ഡും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.