റിപ്പബ്ളിക് ദിന സമ്മാനമായി  പ്രസാര്‍ഭാരതിയുടെ ക്ളാസിക്കല്‍ ചാനല്‍ ‘രാഗം’

ഫുള്‍ടൈം ചാനലുകള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ സിനിമക്കും പാട്ടിനുമൊക്കെ ചാനലുകള്‍ ഉണ്ടെങ്കിലും ശുദ്ധസംഗീതത്തിന് മാത്രമായി ഒരു ചാനലില്ലാത്തത് സംഗീതപ്രേമികളെ ദു:ഖിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ആശ്വാസമായി എന്നും ക്ളാസിക്കല്‍ സംഗീതത്തെ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള ആകാശവാണി 24 മണിക്കൂറും ക്ളാസിക്കല്‍ സംഗീതമൊഴുകുന്ന ചാനല്‍ ഈ റിപ്പബ്ളിക്ദിന സമ്മാനമായി നമുക്ക് നല്‍കുന്നു. ആകാശവാണിയിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍ വഴിയും ലഭിക്കുന്ന ‘രാഗം’ എന്ന സാറ്റലൈറ്റ്  ചാനലാണ് പ്രസാര്‍ഭാരതിയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്നത്. ബംഗളൂരുവില്‍ 26ാം തീയതിയാണ് ചാനലിന്‍െറ ഉദ്ഘാടനം. 
രാജ്യത്ത് ക്ളാസിക്കല്‍ സംഗീതത്തിന്‍െറ ഏറ്റവും വിപുലവും വൈവിധ്യമാര്‍ന്നതുമായ ശേഖരം ആകാശവാണിക്കാണുള്ളത്. ഇടക്ക് ഗവേഷണാത്മക പരിപാടികളും പ്രമുഖരുമായുള്ള ഫോണ്‍ ഇന്‍ പരിപാടികളും ചാനലിന് ജനകീയ പരിവേഷം നല്‍കും. ടെക്നിക്കല്‍ ബ്രോഡ്കാസ്റ്റിന്‍െറ ചുമതല ബംഗളുരു ആകാശവാണി സ്റ്റേഷനാണെങ്കിലും മറ്റ് നിലയങ്ങള്‍ പ്രോഗ്രാമുകള്‍ നല്‍കും. ആകാശവാണിയിലൂടെയാണ് കഴിഞ്ഞ രണ്ടുമൂന്ന് തലമുറകള്‍ ക്ളാസിക്കല്‍ സംഗീതം ആസ്വദിച്ചിട്ടുള്ളത്. എന്നാല്‍ മീഡിയം വേവിലെ ശബ്ദത്തിന്‍െറ നിലവാരമില്ലായ്മ പരിഹരിച്ച് ഡി.ടി.എച്ച് സംവിധാനത്തിലാണ് പുതിയ ചാനല്‍. ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പുണെ, ധാര്‍വാഡ്, ഭോപ്പാല്‍, ലക്നൗ എന്നീ സ്റ്റേഷനുകള്‍ ഹിന്ദുസ്ഥാനി സംഗീതവും ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, തിരുച്ചി, തൃശൂര്‍, ഹൈദരാബാദ്, വിജയവാഡ സ്റ്റേഷനുകള്‍ കര്‍ണാടക സംഗീതവും നല്‍കും. ഒരു പരസ്യവും സ്വീകരിക്കാതെയാണ് പ്രസാര്‍ ഭാരതി ചാനല്‍ ആരംഭിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT